കാർ കമ്പനികൾക്ക് വമ്പൻ ലാഭം

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍നിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്‍റെ അറ്റാദായം മൂന്നിരട്ടി വർധിച്ച് 17,407 കോടി രൂപയിലെത്തി
കാർ കമ്പനികൾക്ക് വമ്പൻ ലാഭം

ബിസിനസ് ലേഖകൻ

കൊച്ചി: നടപ്പുവര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ വമ്പന്‍ ലാഭവുമായി രാജ്യത്തെ പ്രമുഖ കാര്‍ നിർമാണ കമ്പനികള്‍. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്‌ലാന്‍ഡ് തുടങ്ങിയ പരമ്പരാഗത വാഹന കമ്പനികളുടെയും വൈദ്യുതി വാഹന നിർമാതാക്കളുടെയും വിൽപ്പനയില്‍ മികച്ച നേട്ടമാണ് അവലോകന കാലയളവിലുണ്ടായത്. ഇതോടൊപ്പം അസംസ്കൃത സാധനങ്ങളായ സ്റ്റീല്‍, അലുമുനിയം, റബര്‍, പ്ലാസ്റ്റിക് തുടങ്ങിയവയുടെ വില കുത്തനെ കുറഞ്ഞതിനാല്‍ വിൽപ്പന മാര്‍ജിന്‍ കൂടിയതാണ് ലാഭത്തില്‍ കുതിപ്പ് സൃഷ്ടിച്ചത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍നിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്‍റെ അറ്റാദായം മൂന്നിരട്ടി വർധിച്ച് 17,407 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ മൊത്തം വരുമാനം 13 ശതമാനം ഉയര്‍ന്ന് 119,986.31 കോടി രൂപയിലെത്തി. അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ ഇടിവും കാര്യക്ഷമത കൂടിയതും വിൽപ്പനയിലുണ്ടായ മുന്നേറ്റവുമാണ് മികച്ച നേട്ടമുണ്ടാക്കാന്‍ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചത്. ഓഹരി ഉടമകള്‍ക്ക് ആറ് രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ മോഡല്‍ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള പ്രധാന കമ്പനികളെല്ലാം പലതവണ വർധിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 48 ശതമാനം ഉയര്‍ന്ന് 3,878 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 38,235 കോടി രൂപയിലെത്തി.

കയറ്റുമതിയിലും വിൽപ്പനയിലും അറ്റാദായത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് നേട്ടമാണ് മാരുതി സുസുക്കി കൈവരിച്ചത്. ഈ കാലയളവില്‍ കമ്പനി 20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതിയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം വാഹനങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്ന് പ്രാവശ്യം വർധിപ്പിച്ചിരുന്നു. ഇതാണ് കമ്പനിയുടെ ലാഭം ഗണ്യമായി കൂടാന്‍ സഹായിച്ചത്. ഓഹരിയൊന്നിന് നിക്ഷേപകര്‍ക്ക് 125 രൂപ ലാഭവിഹിതവും മാരുതി പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.