നോട്ട് ക്ഷാമം: എടിഎമ്മിൽ പണം കുറയുന്നു

കറൻസി നോട്ടുകളുടെ ലഭ്യത കുറഞ്ഞതോടെ എടിഎം കൗണ്ടറുകളുടെ പ്രവർത്തനം രാജ്യത്തുടനീളം തടസപ്പെടുമെന്ന് ആശങ്ക; സാധാരണ ജനങ്ങൾക്ക് പണം പിൻവലിക്കൽ ബുദ്ധിമുട്ടായേക്കും.
ATM Cash Crunch: Currency shortage hits withdrawals

എടിഎമ്മുകളിൽ കറൻസി ക്ഷാമം.

AI-generated image

Updated on

മുംബൈ: രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളുടെ പ്രവർത്തനം വ്യാപകമായി തടസപ്പെടുമെന്ന് ആശങ്ക. എടിഎമ്മുകളിൽ നിറയ്ക്കാൻ ആവശ്യത്തിന് കറൻസി നോട്ട് കിട്ടാത്തതാണ് കാരണം. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രതിസന്ധിയാണിതെന്ന് എടിഎം ഓപ്പറേറ്റർമാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്കും (RBI) ഇന്ത്യൻ ബാങ്ക് അസോസിയേഷനും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (CATMI) നൽകുന്ന മുന്നറിയിപ്പ്.

കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള പല സേവനങ്ങളും തടസപ്പെടുന്നത് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേരിട്ട് ബാധിക്കും. എടിഎം ഓപ്പറേറ്റർമാർ, വൈറ്റ് ലേബൽ എടിഎം (WLA) കമ്പനികൾ, പേയ്മെന്‍റ് സേവന ദാതാക്കൾ, പണം നിക്ഷേപിക്കുന്ന ഏജൻസികൾ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ സംഘടനയാണ് CATMI.

റിസർവ് ബാങ്കിന്‍റെ പരിഷ്കരിച്ച കാർഡ് മാനെജ്മെന്‍റ് നിർദേശങ്ങൾ പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രാജ്യത്തെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ശരാശരി 94,000 കോടി രൂപ വീതമാണ് ആവശ്യമായി വന്നിരുന്നത്. എന്നാൽ, ഇതിന് ആനുപാതികമായ കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് ഓപ്പറേറ്റർമാർക്ക് ലഭിച്ചില്ല. മാർച്ചിൽ 61,000 കോടി രൂപയും, ഏപ്രിലിൽ 54,000 കോടി രൂപയും മാത്രമാണ് ലഭ്യമായത്.

ആർബിഐയുടെ പ്രീ-മാസ ബുള്ളറ്റിൻ പ്രകാരവും രാജ്യത്തെ എടിഎം ഇടപാടുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മേയിൽ രാജ്യത്ത് 49.84 കോടി എടിഎം ഇടപാടുകൾ നടന്ന സ്ഥാനത്ത്, ഈ വർഷം മേയിൽ അത് 44.65 കോടിയായി കുറഞ്ഞു. ഇടപാടുകളുടെ മൂല്യം 2.64 ലക്ഷം കോടി രൂപയിൽ നിന്ന് 2.5 ലക്ഷം കോടിയായും കുറഞ്ഞിട്ടുണ്ട്.

നിലവിൽ വിപണിയിൽ വിനിമയത്തിലുള്ള ആകെ കറൻസി നിരക്ക് 42.54 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ടെങ്കിലും, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾക്ക് ആവശ്യമായ തുക ബാങ്കുകളിൽ നിന്ന് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കോൺഫെഡറേഷൻ പറയുന്നത്.

ഈ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ എടിഎമ്മുകളിൽ കൂടുതൽ പണം നിക്ഷേപിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ എടിഎമ്മുകളുള്ളത് എസ്ബിഐയ്ക്കാണ്.

പൊതുമേഖലയിൽ ആകെയുള്ള 65,000 എടിഎമ്മുകളിൽ പകുതിയോളം എണ്ണത്തിലും എസ്ബിഐ നേരിട്ട് തന്നെയാണ് പണം നിക്ഷേപിക്കുന്നത്. എന്നാൽ മറ്റ് സ്വകാര്യ, ചെറുകിട ഏജൻസികൾക്ക് പണം ലഭ്യത കുറഞ്ഞത് കാരണം ഗ്രാമീണ മേഖലകളിലും ചെറു പട്ടണങ്ങളിലുമുള്ള എടിഎമ്മുകളാണ് കൂടുതൽ നിശ്ചലമായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com