

ഏപ്രിൽ ഒന്നുമുതൽ ആദായനികുതി നിയമത്തിൽ മാറ്റം
ന്യൂഡൽഹി: 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ ആദായനികുതിയിൽ ഉൾപ്പെടെ മാറ്റം വന്നു. ബാങ്കിങ്, എടിഎം, ഫാസ്ടാഗ് എന്നിവയും ഇതിൽ ഉൾപ്പെടും. ആദായനികുതിയിൽ 1961ലെ ആദായനികുതി നിയമത്തിന് പകരം ആദായനികുതി നിയമം 2025 പ്രാബല്യത്തിൽ വന്നു. നികുതി വ്യവസ്ഥ ലഘുകരിക്കുന്നതിന്‍റെ ഭാഗമായാണിത്. ഫിനാൻഷ്യൽ ഇയർ, അസസ്മെന്‍റ് ഇയർ എന്നീ പ്രയോഗങ്ങൾക്ക് പകരം ടാക്സ് ഇയർ എന്ന ഒറ്റപദം ഇനി ഉപയോഗിക്കും.
ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആർ സമയം ജൂലായ് 31 വരെയായിരിക്കും. എന്നാൽ സംരംഭകർ, പ്രൊഫഷണലുകൾക്കും ഐടി ഫയലിങിന്‍റെ സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം 9 മാസത്തിൽ നിന്ന് 12 മാസമായി മാറ്റി. എന്നാൽ ഡിസംബർ 31 ന് ശേഷമുള്ള ഫയലിങിന് അധിക ഫീസ് നൽകേണ്ടിവരും.
എച്ച്ആർഎ നിയമം കർശനമാക്കി. വാടക വീടിന്‍റെ ആനുകൂല്യം ലഭിക്കാൻ ഇനി വീട്ടു ഉടമസ്ഥന്‍റെ പാൻ വിവരങ്ങളും വാടക നൽകിയതിന്‍റെ കൃത്യമായ തെളിവും നിർബന്ധമായും നൽകണം. അതേസമയം 50 ശതമാനം എച്ച്ആർഎ ഇളവിന് അർഹമായ മെട്രോ നഗരങ്ങളുടെ പട്ടികയിൽ മുംബൈ, ഡൽഹി. കൊൽക്കത്ത, ചെന്നൈ എന്നിവയ്ക്കൊപ്പം ബംഗലുരൂ, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നിവ കൂടി ഉൾപ്പെടുത്തി.
മോട്ടോർ ആക്സിഡന്‍റ് ട്രൈബ്യൂണൽ നൽകുന്ന നഷ്ടപരിഹാര തുകയുടെ പലിശ ഇനി പൂർണമായും നികുതിരഹിതമായിരിക്കും . ഇതിന് ടിഡിഎസ് ഈടാക്കില്ല. ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് 3000 രൂപയിൽ നിന്ന് 3,075 രൂപയായി വർധിപ്പിച്ചു. ഇത് ഒരുവർഷം 200 യാത്രകൾക്ക് വരെ ഉപയോഗിക്കാം.