

ഫെബ്രുവരി 1 മുതൽ സിഗരറ്റിനും ബീഡിക്കും വില കൂടും; കേന്ദ്ര ഉത്തരവ്
ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കു മേൽ അധിക എക്സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്. ഫെബ്രുവരി 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ബുധനാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. ഇതു പ്രകാരം പാൻമസാലയ്ക്ക് പുതിയ സെസ്സും ഏർപ്പെടുത്തും. 2026 മാർച്ചോടെ ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിക്കും. ഈ വരുമാന നഷ്ടം നികത്താനാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി ഉയർത്തുന്നതെന്നാണ് റിപ്പോർട്ട്.
സെസ് കുറയുമ്പോൾ എക്സൈസ് ഡ്യൂട്ടി കൂടുന്നതിനാൽ അഞ്ച് ശതമാനം മാറ്റമാണ് ഉണ്ടാകുക. ഇതു പ്രകാരം സിഗരറ്റ് വിലയിൽ ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാൽപ്പത് ശതമാനം ജിഎസ്ടി ക്കു പുറമേയാണ് പാൻമസാല, സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനെല്ലാം പുറമേ പാൻ മസാലയിൽ മാത്രം ആരോഗ്യ ദേശീയ സുരക്ഷാ സെസും ചുമത്തും. ഡിസംബറിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്‍റ് പാസ്സാക്കിയിരുന്നു.