വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങൾ; മത്സരച്ചൂടിൽ കമ്പനികൾ

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ, ടാറ്റയുടെ ബിഗ്ബാസ്കറ്റ്, ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ് എന്നിവയാണ് ഈ രംഗത്ത് വിപണി വികസിപ്പിക്കുന്നതിന് വമ്പന്‍ നിക്ഷേപവുമായി രംഗത്തുള്ളത്.
competition in online delivery
വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങൾ; മത്സരച്ചൂടിൽ കമ്പനികൾ
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓണ്‍ലൈന്‍ ക്വിക്ക് കൊമേഴ്സ് വിപണിയില്‍ മത്സരം മുറുകുന്നു. സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ, ടാറ്റയുടെ ബിഗ്ബാസ്കറ്റ്, ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ് എന്നിവയാണ് ഈ രംഗത്ത് വിപണി വികസിപ്പിക്കുന്നതിന് വമ്പന്‍ നിക്ഷേപവുമായി രംഗത്തുള്ളത്. ക്വിക്ക് കൊമേഴ്സ് വിപണിയില്‍ 46% വിപണി വിഹിതവുമായി സൊമാറ്റോയുടെ ബ്ലിങ്കിറ്റാണ് താരമാകുന്നത്. 29% വിഹിതവുമായി സെപ്റ്റോയും 25 ശതമാനവുമായി സ്വിഗ്ഗി ഇന്‍സ്റ്റയും തൊട്ടുപിന്നിലുണ്ട്. അതിവേഗത്തില്‍ ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ വിവിധ ഉത്പന്നങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്ന ഇ-കൊമേഴ്സ് സംവിധാനമാണ് ക്വിക്ക് കൊമേഴ്സ് എന്നറിയപ്പെടുന്നത്.

രാജ്യത്തെ റീട്ടെയ്‌ല്‍ വിപണിയുടെ നിയന്ത്രണം പൂര്‍ണമായും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്ന തരത്തിലാണ് ക്വിക്ക് കൊമേഴ്സ് വില്‍പ്പനയിലെ വളര്‍ച്ച നീങ്ങുന്നത്. സാധാരണ കച്ചവട സ്ഥാപനങ്ങള്‍ക്ക് സ്വപ്നം കാണാനാവാത്ത വിലക്കിഴിവും ആനുകൂല്യങ്ങളുമാണ് ഇവര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

അതേസമയം ക്വിക്ക് കൊമേഴ്സ് വിപണിയിലെ വമ്പന്‍ വളര്‍ച്ച ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ചില്ലറ വില്‍പ്പന രംഗത്തെ കുത്തകവത്കരണത്തിനെതിരേ ചെറുകിട കച്ചവടക്കാര്‍ കോംപറ്റീഷന്‍ കമ്മിഷനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വിതരണക്കാരുടെ സംഘടന പരാതി നല്‍കിയിട്ടുണ്ട്. എട്ടു കോടി ചെറുകിട കച്ചവടക്കാരെയാണ് ക്വിക്ക് കൊമേഴ്സ് പ്രതികൂലമായി ബാധിക്കുന്നത്.

ഈ രംഗത്തെ കമ്പനികള്‍ക്കെതിരേ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിതരണക്കാരും ചെറുകിട കച്ചവടക്കാരും കൈകോര്‍ക്കുന്നു. ഓഹരി, കടപ്പത്ര വില്‍പ്പനകളിലൂടെ ഈ കമ്പനികള്‍ കുറഞ്ഞ ചെലവില്‍ വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം റീട്ടെയ്‌ല്‍ മേഖലയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന രീതിയില്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് എഫ്എംസിജി ഡീലര്‍മാരുടെ സംഘടന കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നല്‍കി. ബിസിനസ് വികസനത്തിനായി സമാഹരിക്കുന്ന തുക ഓണ്‍ലൈന്‍ റീട്ടെയ്‌ല്‍ ശൃംഖലകള്‍ ഉപയോക്താക്കള്‍ക്ക് വില ഇളവുകള്‍ നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍ ആരോപിക്കുന്നു.

റീട്ടെയ്‌ല്‍ മേഖലയില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പകരം ചെറുകിട കച്ചവടക്കാരെയും കിരാന ഷോപ്പുകളെയും തകര്‍ക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്. രാജ്യത്തെ വന്‍കിട ഡിജിറ്റല്‍ ഭക്ഷ്യ ഉത്പന്ന വിതരണ സ്ഥാപനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയവ അതിവേഗ ഉത്പന്ന ഡെലിവറി സംവിധാനവുമായി റീട്ടെയ്ല്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നതാണ് ചെറുകിട വ്യാപാരികളെ ആശങ്കയിലാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com