വീട് വില്‍പ്പനയില്‍ കുതിച്ചുചാട്ടം

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 12% വര്‍ധന
Demand surge for houses

ബംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിൽപ്പന.

Freepik.com

Updated on: 

മുംബൈ: 2026ലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍ വീടുകളുടെ വില്‍പ്പനയില്‍ 12 ശതമാനം വര്‍ധന. ഡിമാന്‍ഡ് പ്രധാനമായും ബംഗളൂരു, മുംബൈ, പൂനെ എന്നീ മൂന്ന് വിപണികളില്‍ മാത്രമായിട്ടാണ് കേന്ദ്രീകരിച്ചത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വിറ്റഴിക്കപ്പെട്ട ആകെ വീടുകളില്‍ ഏകദേശം 60 ശതമാനവും ഈ മൂന്ന് നഗരങ്ങളിലാണ് നടന്നത്.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ തയാറാക്കിയ കണക്കനുസരിച്ച്, രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളിലായി നടന്ന പാര്‍പ്പിട വില്‍പ്പന, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 67,974 യൂണിറ്റുകളില്‍ നിന്ന് 76,181 യൂണിറ്റുകളായി വര്‍ധിച്ചു എന്നാണ്.

ഇതില്‍ ബംഗളൂരു, മുംബൈ, പൂനെ എന്നീ മൂന്ന് നഗരങ്ങളിലായി ആകെ 45,174 ഭവന വില്‍പ്പനയാണ് നടന്നത്. ഇന്ത്യയിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ഈ നഗരങ്ങള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

ഓരോ വിപണിയിലെയും വളര്‍ച്ചാ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ബംഗളൂരുവില്‍ വില്‍പ്പനയില്‍ ശക്തമായ വര്‍ധനയുണ്ടായപ്പോള്‍, മുംബൈയില്‍ വില്‍പ്പന നിലവിലുള്ള സ്ഥിതിയില്‍ത്തന്നെ തുടര്‍ന്നു. മൂന്ന് നഗരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ബംഗളൂരുവാണ്. 2026ലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇവിടെ 19,208 പാര്‍പ്പിട യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,624 യൂണിറ്റുകളായിരുന്നു. 13,595 യൂണിറ്റുകളുടെ വില്‍പ്പനയുമായി മുംബൈ തൊട്ടുപിന്നിലുണ്ട്.

എന്നാല്‍, 2025-ലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ 13,628 യൂണിറ്റുകളെ അപേക്ഷിച്ച്, ഈ നഗരത്തിലെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടായി. പൂനെയില്‍ ഈ പാദത്തില്‍ 12,371 പാര്‍പ്പിട യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 13,863 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിരുന്ന സ്ഥാനത്താണിത്. അതായത് ഏകദേശം 11 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി.

വളര്‍ച്ചയ്ക്ക് പ്രധാന ചാലകശക്തിയായത് ബംഗളൂരുവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈ വില്‍പ്പനയുടെ വോള്യം അഥവാ അളവ് നിലനിര്‍ത്തിയപ്പോള്‍, പൂനെയില്‍ നേരിയ കുറവ് ദൃശ്യമായി.

പ്രീമിയം വീടുകളോട് വര്‍ധിച്ചു വരുന്ന താത്പര്യമാണ് ഭവന വിപണിയില്‍ ഉണര്‍വ് പ്രകടമാകാന്‍ കാരണം. വിപണിയില്‍ ഇപ്പോള്‍ 1.5 കോടി രൂപ മുതല്‍ മൂന്ന് കോടി രൂപ വരെ വിലയുള്ള വീടുകളോട് താത്പര്യം കൂടിവരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍, 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ആകെ ഭവന വില്‍പ്പനയുടെ 72 ശതമാനവും ഒരു കോടി രൂപയോ അതില്‍ കൂടുതലോ വിലയുള്ള വീടുകളുടേതായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 62 ശതമാനമായിരുന്നു.

പൊതുവെ ഭവന വിപണി വീണ്ടെടുക്കലിന്‍റെ പാതയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍, പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലായി 2.14 ലക്ഷം ഭവന യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ഇത് 6 ശതമാനം വാര്‍ഷിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു കോടി രൂപയില്‍ താഴെ വിലയുള്ള വീടുകളുടെ വില്‍പ്പന ഈ ഒമ്പത് മാസത്തിനുള്ളില്‍ 23 ശതമാനം കുറഞ്ഞു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കുറഞ്ഞ ചെലവില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.