

ഡിപി വേൾഡ് ഇൻഡസ്
പ്രത്യേക ലേഖകൻ
കൊച്ചി: ഇന്ത്യയിലെ ആഭ്യന്തര തീരദേശ വ്യാപാരത്തെ സഹായിക്കുന്നതിനായി 'ഡിപി വേൾഡ് ഇൻഡസ്' എന്ന പുതിയ കണ്ടെയ്നർ കപ്പൽ ഡിപി വേൾഡിന്‍റെ മറൈൻ സർവീസസ് വിഭാഗമായ 'ഷിപ്പിങ് സൊല്യൂഷൻസ്' സ്വന്തമാക്കി. 2,500-ലധികം ടിഇയു (TEU) ശേഷിയുള്ളതാണ് ഈ കപ്പൽ.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ തമ്മിലുള്ള ചരക്ക് ഗതാഗതം കൂടുതൽ വിശ്വസനീയവും കാര്യക്ഷമവുമാക്കാൻ ഈ കപ്പലിന്‍റെ വരവ് സഹായിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഇത് വലിയൊരു പങ്കുവഹിക്കും. നിലവിൽ ഇന്ത്യയിലെ 14 തുറമുഖങ്ങളിലായി 10 കപ്പലുകൾ അടങ്ങുന്ന വലിയൊരു ശൃംഖല തന്നെ ഡിപി വേൾഡിനുണ്ട്. 2025-ൽ മാത്രം ഇവരുടെ തീരദേശ ഷിപ്പിങ് പ്രവർത്തനങ്ങളിലൂടെ 4,73,000-ലധികം ടിഇയു ചരക്കുകളാണ് കൈകാര്യം ചെയ്തത്.
ഡിപി വേൾഡ് നടത്തുന്ന ജിദ്ദ സൗത്ത് കണ്ടെയ്നർ ടെർമിനലിൽ ഈ കപ്പൽ എത്തിയത് കമ്പനിയുടെ വിപുലീകരണത്തിലെ മറ്റൊരു നാഴികക്കല്ലാണ്. തങ്ങളുടെ തുറമുഖങ്ങളും മറൈൻ സർവീസ് ബിസിനസ്സുകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ തീരദേശ ഷിപ്പിങ് മേഖലയ്ക്ക് സപ്ലൈ ചെയിൻ കാര്യക്ഷമത മെച്ചപ്പെടുത്താനും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും വലിയ അവസരമുണ്ടെന്ന് ഡിപി വേൾഡ് മറൈൻ സർവീസസ് ആഗോള സിഒഒ ഗണേഷ് രാജ് പറഞ്ഞു. 2025-ൽ പുറത്തിറക്കിയ തങ്ങളുടെ റിപ്പോർട്ടിൽ ഈ അവസരങ്ങളെക്കുറിച്ച് വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ പതാകയേന്തിയുള്ള ഈ കപ്പലിന്‍റെ വരവ്, ആഭ്യന്തര സമുദ്ര ഗതാഗതം ശക്തിപ്പെടുത്താനും രാജ്യത്തെ വിവിധ വിപണികളെ തമ്മിൽ ബന്ധിപ്പിക്കാനും ഉള്ള തങ്ങളുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർബൺ ബഹിർഗമനം കുറയ്ക്കാനും ചരക്ക് നീക്കത്തിന്‍റെ കാര്യക്ഷമത കൂട്ടാനും തീരദേശ കപ്പൽ ഗതാഗതം ഇന്ന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയിലും തുടർച്ചയായി നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ വ്യാപാര സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഡിപി വേൾഡ് ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളം സുസ്ഥിരമായ തീരദേശ ഷിപ്പിംഗ് സേവനങ്ങൾ വികസിപ്പിക്കുന്നതിനായി 2025-ൽ, കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള സാഗർമാല ഫിനാൻസ് കോർപ്പറേഷനുമായി (SMFC) ചേർന്ന് ഡിപി വേൾഡ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.