എഥനോൾ ചതിച്ചു, പഞ്ചസാര വില കുത്തനെ മുകളിലേക്ക്; ‌കിലോഗ്രാമിന് 59 രൂപ

ഒരു വർഷത്തിനിടെ കിലോയ്ക്ക് 12-13 രൂപയോളമാണ് വർധിച്ചിരിക്കുന്നത്.
Ethanol causes a setback; sugar prices surge—now at ₹59 per kilogram

എഥനോൾ ചതിച്ചു, പഞ്ചസാര വില കുത്തനെ മുകളിലേക്ക്; ‌കിലോഗ്രാമിന് 59 രൂപ

Updated on: 

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര വില വീണ്ടും മുകളിലേക്ക്. ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടാണ് വില ഉയരുന്നത്. ഒരു മാസത്തിനിടെ മാത്രം കിലോഗ്രാമിന് 4 രൂപയാണ് കൂടിയത്. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 59.50 രൂപയും മൊത്ത വിപണിയിൽ കിലോഗ്രാമിന് 55.40 രൂപയുമാണ് വില. ഒരു വർഷത്തിനിടെ കിലോയ്ക്ക് 12-13 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. ഇ20 പെട്രോളിനു വേണ്ടിയുള്ള എഥനോൾ ഉത്പാദിക്കുന്നതിനായി വൻതോതിൽ കരിമ്പ് ഉപയോഗപ്പെടുത്തിയത് പഞ്ചസാര വിപണിയെ ദോഷകരമായി ബാധിച്ചുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ആഭ്യന്തര വിപണിയിൽ പഞ്ചസാര ക്ഷാമമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി എഥനോൾ നിർമാണത്തിനായി കരിമ്പ്, കരിമ്പ് നീര്, പാനി എന്നിവ ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും പഞ്ചസാര വില പരിധികൾ ലംഘിക്കുകയാണ്. കോൽക്കത്തയിലാണ് ഏറ്റവും കൂടിയ വില. ചൊവ്വാഴ്ച കിലോഗ്രാമിന് 65 രൂപയായിരുന്നു കോൽക്കത്തയിലെ ചില്ലറ വിപണിയിലെ വില. ഡൽഹിയിൽ 64 രൂപയും മുംബൈയിൽ 61 രൂപയുമാണ്. കഴിഞ്ഞ വർഷം പഞ്ചസാരയുടെ വില ചില്ലറ വിപണിയിൽ കിലോഗ്രാമിന് 46.50 രൂപയും മൊത്ത വിപണിയിൽ 43.23 രൂപയുമായിരുന്നു.

2025-26 വർഷത്തിൽ പഞ്ചസാരയുടെ ഉത്പാദനം വലിയ രീതിയിൽ കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണമായത്. ഉത്സവകാലത്ത് ആവശ്യം ഏറിയതും കരിമ്പ് കൃ‌ഷിയിൽ നാശമുണ്ടായതുമെല്ലാം വിപണിയെ ബാധിച്ചിട്ടുണ്ട്.