

കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾ ജമ്മു കശ്മീരിലെ മാനസ്‌ബലിലുള്ള സീഡ് ഫാമിൽ.
PIB
പാമ്പൂർ (ജമ്മു കശ്മീർ): കാശ്മീർ താഴ്‌വരയിലെ ശാന്തമായ ഒരു ലബോറട്ടറിയിൽ, തെക്കേ ഇന്ത്യയിൽ നിന്ന് മൂവായിരത്തോളം കിലോമീറ്റർ അകലെ നിന്നുള്ള ജനിതക സാമഗ്രികൾ ഉപയോഗിച്ച് പട്ടുനൂൽപ്പുഴുക്കൾ കൂട് കൂട്ടുകയാണ്.
കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച ഏഴു ദിവസത്തെ മാധ്യമ പഠനയാത്രയുടെ ഭാഗമായി പാമ്പൂരിലെ സെൻട്രൽ സെറികൾച്ചറൽ റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CSRTI) സന്ദർശിച്ച കേരളത്തിൽ നിന്നുള്ള 13 അംഗ മാധ്യമസംഘമാണ് രാജ്യത്തിന്‍റെ ഇരുധ്രുവങ്ങളെ ബന്ധിപ്പിക്കുന്ന ഈ അപൂർവ സഹകരണത്തിനു സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഉയർന്ന പ്രദേശങ്ങളിലെ പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ഉന്നതതല ഗവേഷണങ്ങൾക്കായി കേരളത്തിലെ പാലക്കാട് സീഡ് സെന്‍ററിൽ നിന്നുള്ള അടിസ്ഥാന വിത്തുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.
ജമ്മു കാശ്മീരിലെ വികസന-ശാസ്ത്ര പദ്ധതികൾ വിലയിരുത്തുന്നതിനായി നടത്തുന്ന മാധ്യമ സന്ദർശനത്തിന്‍റെ രണ്ടാം ദിനത്തിലായിരുന്നു ഈ അപൂർവ സഹകരണത്തിന്‍റെ നേർക്കാഴ്ച.
മാധ്യമപ്രവർത്തകരുമായി സംസാരിച്ച സിഎസ്ആർടിഐ പാമ്പൂരിലെ സയന്‍റിസ്റ്റ്-ഡി ഡോ. ഇർഫാൻ ഇലാഹി, രാജ്യത്തെ വസ്ത്ര നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം പ്രാദേശിക ഗവേഷണ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി. കേരളം പോലുള്ള ഉഷ്ണമേഖലാ സംസ്ഥാനങ്ങൾ അവശ്യ വിത്തിനങ്ങൾ സംഭാവന ചെയ്യുമ്പോൾ, ഇന്ത്യയിലെ ഏക മിതശീതോഷ്ണ (Temperate) പട്ടുനൂൽ വളർത്തൽ ഗവേഷണ കേന്ദ്രം കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഈ മേഖലയിലെ ഗവേഷണത്തിലും ഉത്പാദനത്തിലും കാശ്മീരിന് തന്ത്രപ്രധാനമായ മേൽക്കോയ്മ നൽകുന്നു.
"ലോകത്തിലെ രണ്ടാമത്തെ വലിയ പട്ടുനൂൽ ഉത്പാദക രാജ്യമാണ് ഇന്ത്യ, എന്നാൽ നമ്മുടെ ആഭ്യന്തര ആവശ്യകത ഉത്പാദനത്തെക്കാൾ വളരെ കൂടുതലാണ്," ഡോ. ഇലാഹി മാധ്യമസംഘത്തോട് പറഞ്ഞു. "ഈ വിടവ് നികത്താനും ഇന്ത്യയെ ആഗോളതലത്തിൽ ഒന്നാം നമ്പർ പട്ടുനൂൽ ഉത്പാദകരാക്കി മാറ്റാനും ഞങ്ങൾ കർഷകരുടെ ശൃംഖല വിപുലീകരിക്കുകയാണ്. ഇതിനായി പാലക്കാട്ടെ പ്രത്യേക കേന്ദ്രം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഗവേഷണ സൗകര്യങ്ങളെ ഞങ്ങൾ സംയോജിപ്പിക്കുന്നു."
ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുഴു വളർത്തലിനും ഗവേഷണത്തിനും പുറമേ, പട്ടുനൂൽ ഉത്പാദനത്തെക്കുറിച്ചുള്ള അറിവും കാശ്മീരിലെ വിനോദസഞ്ചാര മേഖലയും സമന്യയിപ്പിച്ചുകൊണ്ട് 'സെറിടൂറിസം' (Seritourism) എന്ന പുതിയ ആശയത്തിനും ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചു കഴിഞ്ഞു. മൾബറി കൃഷി മുതൽ പട്ടുനൂൽ വേർതിരിച്ചെടുക്കുന്നതു വരെയുള്ള മുഴുവൻ പ്രക്രിയകളും അടുത്തറിയാൻ ഇനി കാശ്മീരിലെത്തുന്ന സഞ്ചാരികൾക്ക് അവസരം ലഭിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിലെ ചരിത്ര മ്യൂസിയവും മാനസ്ബൽ തടാകത്തിന് സമീപമുള്ള P4 ബേസിക് സീഡ് ഫാമും മാധ്യമസംഘം സന്ദർശിച്ചു. തണുപ്പുള്ള കാലാവസ്ഥയിൽ പട്ടുനൂൽപ്പുഴു മുട്ടകൾ ഉത്പാദിപ്പിക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങൾ ശാസ്ത്രജ്ഞർ ഇവിടെ വിശദീകരിച്ചു നൽകി.