ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

അമെരിക്കന്‍ ബ്രോക്കറെജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ പ്രവചിക്കുന്നത് 2025ല്‍ മാന്ദ്യത്തിനുള്ള സാധ്യത 60 ശതമാനമാണെന്നാണ്.
Global financial crisis

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

Updated on

ബിസിനസ് ലേഖകൻ

വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്കു മേല്‍ യുഎസ് ഈ മാസം ഒന്‍പത് മുതല്‍ ചുമത്താന്‍ പോകുന്ന താരിഫ് ലോകത്തെ സാമ്പത്തികമാന്ദ്യത്തിലേക്കു നയിക്കുമെന്ന് ആശങ്ക. അമെരിക്കന്‍ ബ്രോക്കറെജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ പ്രവചിക്കുന്നത് 2025ല്‍ മാന്ദ്യത്തിനുള്ള സാധ്യത 60 ശതമാനമാണെന്നാണ്. 2025ല്‍ സാമ്പത്തികമാന്ദ്യത്തിന് 40% സാധ്യതയാണു കല്‍പ്പിക്കപ്പെട്ടതെങ്കിലും ഏപ്രില്‍ രണ്ടിന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ 60 ശതമാനമായി ഉയര്‍ന്നെന്നു ജെപി മോര്‍ഗന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

താരിഫ് പ്രതിസന്ധി ബിസിനസ് രംഗത്ത് ആത്മവിശ്വാസം ഇല്ലാതാക്കുകയും ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണു ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് പറയുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫിനു മറുപടിയെന്നോണം ചൈനയും ക്യാനഡയും ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ പുതിയ താരിഫ് യുഎസിനെതിരേയും ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും പ്രതികാര താരിഫുമായി രംഗത്തുവരാനിരിക്കുകയാണ്. ഇതാകട്ടെ ലോകത്തെ രൂക്ഷമായ വ്യാപാരയുദ്ധത്തിലേക്കാണു തള്ളിവിട്ടിരിക്കുന്നത്.

യുഎസ് തീരുവ പ്രഖ്യാപനത്തിനു ശേഷം ആഗോളതലത്തില്‍ വിപണികളെല്ലാം വന്‍ ഇടിവ് നേരിട്ടിരിക്കുകയാണ്. താരിഫ് പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം ആറ് ട്രില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. 2025 ജനുവരി 20ന് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതുവരെയായി ഏകദേശം 11 ട്രില്യണ്‍ ഡോളറും യുഎസ് വിപണിയില്‍നിന്ന് തുടച്ചുനീക്കം ചെയ്യപ്പെട്ടു.

വ്യാപാരയുദ്ധം രൂക്ഷമായാല്‍ പണപ്പെരുപ്പം ഉയരാനും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്നു ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.

ട്രംപിന്‍റെ പുതിയ താരിഫ് തുടരുകയാണെങ്കില്‍ ഈ വര്‍ഷം യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണെന്നു ബാര്‍ക്ലേയ്സ്, ബോഫ ഗ്ലോബല്‍ റിസര്‍ച്ച്, ഡച്ച് ബാങ്ക്, ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനെജ്മെന്‍റ് എന്നിവയുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പണപ്പെരുപ്പം

യുഎസ് താരിഫ് പ്രഖ്യാപനം വ്യാപാരയുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. യുഎസിന്‍റെ താരിഫിനെതിരേ യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ സാമ്പത്തിക ശക്തികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് അനിശ്ചിതത്വവും ആശങ്കയുമൊക്കെ സൃഷ്ടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാപാര യുദ്ധം മുറുകുന്നത് യുഎസ് സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ഈ സാഹചര്യത്തോടൊപ്പം പണപ്പെരുപ്പവും കൂടി ചേരുമ്പോള്‍ അത് സ്റ്റാഗ്ഫ്‌ളേഷന്‍ (ഉത്പാദനം വര്‍ധിക്കാതെ പണപ്പെരുപ്പം ഉണ്ടാകുന്ന സാഹചര്യം) സാധ്യത വര്‍ധിപ്പിക്കും.

യുഎസില്‍ സാമ്പത്തിക അനിശ്ചിതത്വവും മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും വര്‍ദ്ധിച്ചുവന്നാല്‍ ഓഹരി വിപണി നിക്ഷേപകരെ സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണം പോലെ സുരക്ഷിത നിക്ഷേപമായിട്ടാണു പൊതുവേ സര്‍ക്കാര്‍ ബോണ്ടുകളെ നിക്ഷേപകര്‍ കാണുന്നത്.

അവശ്യവസ്തുക്കള്‍ സ്വന്തമാക്കാനുള്ള ഓട്ടം തുടങ്ങി

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിദേശ ഉത്പന്നങ്ങള്‍ക്കു തീരുവ വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ വരാന്‍പോകുന്ന വിലക്കയറ്റത്തെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് അമെരിക്കന്‍ ജനത. അമെരിക്കയില്‍ ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ് ടോപ്പുകള്‍, വസ്ത്രങ്ങള്‍, ഷൂസ്, ഫര്‍ണിച്ചര്‍, കോഫി തുടങ്ങിയ അവശ്യവസ്തുക്കളുടെ വില ഉടന്‍ തന്നെ വര്‍ധിക്കും. വില വര്‍ധനയ്ക്കു മുന്‍പ് ഈ സാധനങ്ങള്‍ പരമാവധി ശേഖരിക്കുകയാണ് അമെരിക്കക്കാര്‍.

ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഇലക് ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഘടകങ്ങള്‍ കൂടുതലും അമെരിക്കയിലേക്ക് എത്തുന്നത് തായ് വന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. ഈ രണ്ട് രാജ്യങ്ങള്‍ക്കും ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇവയുടെ വില വന്‍തോതില്‍ ഉയരും.

അതു പോലെ വിയറ്റ്‌നാം, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തൊനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് അമെരിക്കയിലേക്ക് അപ്പാരല്‍സ് കയറ്റി അയയ്ക്കുന്നത്. ഈ രാജ്യങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത് ഉയർന്ന തീരുവ തന്നെയാണ്. അതിനാൽ അപ്പാരൽസ്, ഷൂസ് തുടങ്ങിയവയുടെ വിലയും വൻതോതിൽ വർധിക്കും. ഈ മാസം 9 മുതലാണ് യുഎസ് ഉയര്‍ന്ന താരിഫ് ഈടാക്കി തുടങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com