പ്രധാനമന്ത്രിയുടെ ആഹ്വാനം: സ്വർണത്തിന്‍റെ ഡിമാൻഡ് 70% ഇടിഞ്ഞു!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ഇറക്കുമതി തീരുവ ഇരട്ടിയിലധികമാക്കിയ കേന്ദ്ര സർക്കാർ തീരുമാനവും ചേർന്നപ്പോൾ സ്വർണവിപണിയിൽ കച്ചവടം കുത്തനെ ഇടിഞ്ഞു
Gold demand falls after Modi call

കേരളത്തിലെ ജ്വല്ലറികളിലും കച്ചവടം കുറഞ്ഞു.

Representative image

Updated on

ന്യൂഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനത്തിനു പിന്നാലെ രാജ്യത്ത് സ്വർണത്തിന്‍റെ ഡിമാൻഡിൽ 70 ശതമാനം ഇടിവ്. സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിയും ഇതിനു പിന്നിലുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു, സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ മേയ് 11-ന് പ്രധാനമന്ത്രി ആഹ്വാം ചെയ്തത്. മേയ് 13-ന് കേന്ദ്ര സർക്കാർ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ വർധിപ്പിക്കുകയും ചെയ്തു.

നികുതി വർധനവിന് മുൻപ് 3 ശതമാനം ജിഎസ്ടി ഉൾപ്പെടെ രാജ്യത്തെ ആകെ സ്വർണനികുതി 9.18 ശതമാനമായിരുന്നു. പുതിയ നിർദേശത്തോടെ ഇത് 18.45 ശതമാനമായി. ഇതോടെ സ്വർണ വിപണിയിൽ കച്ചവടം കുത്തനെ ഇടിയുകയായിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യത്ത് 25 ടൺ സ്വർണത്തിന്‍റെ ഡിമാൻഡ് ഉണ്ടായിരുന്ന സ്ഥാനത്ത്, മേയ് 13 മുതൽ മേയ് 27 വരെയുള്ള കണക്കുകൾ പ്രകാരം അത് വെറും 7.5 ടണ്ണാണ്. സമീപകാലത്തുണ്ടായ കടുത്ത വിലക്കയറ്റവും സ്വർണ വ്യാപാരത്തെ ബാധിച്ചു.

ഇന്ത്യയിലെ മൊത്തം സ്വർണ വ്യാപാരത്തിന്‍റെ 25 ശതമാനവും കൈയാളുന്ന കേരളത്തിലാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്. പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണമാണ് കേരളത്തിൽ വിറ്റഴിക്കുന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിലെ വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 30 - 40 ശതമാനം ഇടിവാണ് കാണുന്നത്.

സംസ്ഥാനത്തെ കച്ചവടത്തിൽ 35 ശതമാനത്തോളം കുറവുണ്ടായതായി പ്രമുഖ ജ്വല്ലറി ഉടമകളും സമ്മതിക്കുന്നു. ആളുകൾ വാങ്ങുന്ന സ്വർണത്തിന്‍റെ അളവ് കുറയുകയാണ്. ഇതിനു മോദിയുടെ ആഹ്വാനം മാത്രമല്ല കാരണമെന്നും, വിലക്കയറ്റവും ഒരു പ്രധാന ഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ സാഹചര്യത്തിൽ, സ്വർണ നാണയങ്ങളും സ്വർണക്കട്ടികളും സ്റ്റോക്ക് ചെയ്യുന്നത് സ്വർണ വ്യാപാരികൾ നിർത്തുകയാണ്. വീടുകളിലും ബാങ്ക് ലോക്കറുകളിലുമായി സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പ്രയോജനവുമില്ലാതെ ഏതാണ്ട് 30,000 ടൺ സ്വർണം പല രൂപത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. അതിനാൽ പുതിയതായി സ്വർണം ഇറക്കുമതി ചെയ്യുന്നതിനു പകരം, ഈ സ്വർണം പുനരുപയോഗിക്കാൻ സഹായിക്കുന്ന പദ്ധതികൾ വേണമെന്നും വ്യാപാരികൾക്ക് അഭിപ്രായമുണ്ട്.

logo
Metro Vaartha
www.metrovaartha.com