കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡ് തകർത്തു. പവന് 600 രൂപയാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ കൂടി 6960 രൂപയായി. ഒരു പവൻ സ്വർണത്തിന് 55,680 രൂപയാണ് വില. ജിഎസ്ടിയും പണിക്കൂലിയും ചേർത്താൽ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ 60,000 ത്തിൽ അധികം രൂപ കൊടുക്കേണ്ടി വരും. ഈ മാസത്തിന്‍റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണ വില. തിങ്കളാഴ്ച സ്വർണ വില 55,000 കടന്നിരുന്നു. എന്നാൽ പിന്നീടുള്ള മൂന്നു ദിവസം വില ഇടിഞ്ഞതോടെ വീണ്ടു വില കുറഞ്ഞു. വെള്ളിയാഴ്ച ഒറ്റയടിക്ക് 480 രൂപ വർധിച്ചിരുന്നു. ശനിയാഴ്ചയും വില വർധിച്ചതോടെയാണ് പുതിയ റെക്കോഡ് സൃഷ്ടിക്കപ്പെട്ടത്.
യുഎസ് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതിനു പിന്നാലെ യുഎസ് സർക്കാരിന്‍റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്ക് ഇടിഞ്ഞിരുന്നു. പകരം നിക്ഷേപകർ സ്വർണ നിക്ഷേപത്തിലേക്ക് ചേക്കേറിയതോടെയാണ് സ്വർണ വില ഉയർന്നതിനു കാരണം.
ഏഷ്യൻ രാജ്യങ്ങളിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയതും ഒരു കാരണമാണ്.
കേരളത്തിൽ 18 ക്യാരറ്റ് സ്വർണത്തിനും വില ഉയരുകയാണ്. രണ്ടു ദിവസത്തിനിടെ 110 രൂപയാണ് 18 ക്യാരറ്റ് സ്വർണ വില ഉയർന്നത്.