
ബിസിനസ് ലേഖകൻ
കൊച്ചി: സ്വര്‍ണ വിലയിലെ തിളക്കം പുതുവര്‍ഷത്തിലും തുടരുന്നു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഡോണള്‍ഡ് ട്രംപ് അമെരിക്കന്‍ പ്രസിഡന്‍റായി ചുമതല ഏല്‍ക്കുന്നതിന് മുന്നോടിയായി ഉയരുന്ന ആശങ്കകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വർധിപ്പിക്കുകയാണ്.
ഇന്നലെ സ്വര്‍ണ വില പവന് 240 രൂപ വർധിച്ച് 58,520 രൂപയിലെത്തി. ഗ്രാമിന്‍റെ വില 30 രൂപ ഉയര്‍ന്ന് 7,315 രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 31ന് രേഖപ്പെടുത്തിയ റെക്കോഡായ 59,640 രൂപയിലേക്ക് പവന്‍ വില കുതിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2690 ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന റെക്കോഡ് തകര്‍ച്ചയും സ്വര്‍ണ വില കൂടാന്‍ കാരണമായി. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യവും പലിശ നിരക്കിലെ അനിശ്ചിതത്വവും ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ നയങ്ങളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ബാങ്കുകള്‍ വാങ്ങിയത് 500 ടണ്ണിലധികം സ്വര്‍ണമാണ്.
പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും അമെരിക്കയുടെ വ്യാപാര തീരുവ യുദ്ധവും വിലക്കയറ്റവും സ്വര്‍ണത്തിന് തിളക്കം കൂട്ടുകയാണ്. കഴിഞ്ഞ വര്‍ഷം ഓഹരി, കടപ്പത്രങ്ങള്‍, കമ്പോള ഉത്പന്നങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം നേട്ടം സ്വര്‍ണമാണ് നല്‍കിയത്. ഇക്കാലയളവില്‍ സ്വര്‍ണ വില 25 ശതമാനത്തിലധികം ഉയര്‍ന്നു. റഷ്യ-യുക്രെയിന്‍, ഇറാന്‍-ഇസ്രയേല്‍ യുദ്ധങ്ങളും ആഗോള മാന്ദ്യ സാഹചര്യവും ഉയരുന്ന നാണയപ്പെരുപ്പവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വർധിപ്പിച്ചു.
ഇന്ത്യയില്‍ സ്വര്‍ണ അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) മൂല്യം കഴിഞ്ഞ വര്‍ഷം 64% വർധനയോടെ 44,200 കോടി രൂപയിലെത്തി. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റ കാലയളവിലൂടെയാണ് സ്വര്‍ണം നീങ്ങുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അനിശ്ചിതത്വം സൃഷ്ടിച്ചാല്‍ വില ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.