
സ്വർണത്തിന് പിന്നെയും വില കുറഞ്ഞു; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപ
തിരുവനന്തപുരം: സ്വർണവില വീണ്ടും കുറഞ്ഞു. പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 92,320 രൂപയായി. ബുധനാഴ്ച മാത്രം രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. രാവിലെ 2480 രൂപയാണ് കുറഞ്ഞിരുന്നത്. ഉച്ചയ്ക്കു ശേഷമാണ് വീണ്ടും വില കുറഞ്ഞത്. ഒറ്റ ദിവസം കൊണ്ട് 3440 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ആഗോളവിപണിയിൽ ഉണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസ്- ചൈന തീരുവ യുദ്ധം കുറയാനുള്ള സാധ്യത വർധിച്ചതാണ് സ്വർണവിലയെ പിന്നോട്ടടിക്കുന്നത്. യുഎസ്- ചൈന പ്രശ്നം പരിഹരിക്കപ്പെട്ടാൽ സ്വർണവില വീണ്ടും കുറയാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം പവന് 95,760 രൂപയായിരുന്നു വില. 18 ഗ്രാം സ്വർണത്തിന്‍റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 9,540 രൂപയാണ് 18 കാരറ്റ് സ്വർണ വില. ഗ്രാമിന് 254 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
വെള്ളി വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 180 രൂപയായി. കിലോയ്ക്ക് 2000 രൂപ കുറഞ്ഞ് 1,80,000 രൂപയാണ് വില. പ്ലാറ്റിനത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 279 രൂപ കുറഞ്ഞ് 4322 രൂപയാണ് ബുധനാഴ്ചയിലെ വില.