ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്രം

ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് ടണ്ണിന് 550 ഡോളറായി നിശ്ചയിച്ചിട്ടുമുണ്ട്.
ഉള്ളി
ഉള്ളിഫയൽ ചിത്രം

ന്യൂഡൽഹി: രാജ്യത്തെ ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്ര സർക്കാർ. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക് ടണ്ണിന് 550 ഡോളറായി നിശ്ചയിച്ചിട്ടുമുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെ ഉള്ളി കർഷകർ ധാരാളമുള്ള മേഖലയിൽ ലോക് സഭാ തെരഞ്ഞെടുപ്പു അടുക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. വിദേശ വ്യാപാര ഡയറക്റ്ററേറ്റ് ജനറലാണ് ( ഡിജിഎഫ്ടി) വിലക്ക് നീക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രാലയം 40 ശതമാനം കയറ്റുമതി ചുങ്കം ഏർപ്പെടുത്തിയിരുന്നു.

കയറ്റുമതി വിലക്ക് നീക്കുന്നതോടെ കർഷകരുടെ വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകും. കഴിഞ്ഞ വർഷം ഡിസംബർ 8നാണ് ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഉള്ളി ഉത്പാദനം കുറയാനുള്ള സാധ്യത മുൻ നിർത്തിയായിരുന്നു തീരുമാനം. കഴിഞ്ഞ 4-5 വർഷങ്ങളിലായി ഓരോ വർഷവും 17 ലക്ഷം മുതൽ 25 ലക്ഷം വരെ ടൺ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ

നാസിക്, അഹമ്മദ് നഗർ, സോലാപുർ തുടങ്ങി ഉള്ളി കൃഷിയുടെ പ്രധാന മേഖലകൾ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. എന്നാൽ റാബി സീസണിൽ ഉള്ളി വില 191 ലക്ഷം ടണ്ണായി ഉയരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് കയറ്റുമതി വിലക്ക് നീക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം.

ഉന്നത സംഘം ഉള്ളികൃഷി ധാരാളമായുള്ള മേഖലകളിൽ നേരിട്ട് ചെന്ന് വിലയിരുത്തിയതിനു ശേഷം ഓ‍ഹരി ഉടമകൾ അടക്കമുള്ളവരുമായി വിശദമായ ചർച്ച നടത്തിയാണ് വിലക്ക് നീക്കിയതെന്നും കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി നിധി ഖാരെ വ്യക്തമാക്കി. ഉള്ളി കയറ്റുമതി വിലക്ക് കോൺഗ്രസ് ബിജെപിക്ക് എതിരേയുള്ള പ്രചാരണായുധമാക്കി മാറ്റിയിരുന്നു. അതിനിടെയാണ് കേന്ദ്രത്തിന്‍റെ അപ്രതീക്ഷിത നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com