
പാലിനും പനീറിനും ജിഎസ്ടി ഇല്ല, ചെറുകാറുകൾക്ക് വില കുറയും; സ്ലാബുകൾ വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയും ജിഎസ്ടി കൗൺസിൽ. പുതുക്കിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നയം പ്രകാരം 12 ശതമാനം, 28 ശതമാനം സ്ലാബുകൾ പൂർണമായി ഒഴിവാക്കി. 18 ശതമാനം സ്ലാബിലുള്ള അനവധി ഉൽപ്പന്നങ്ങൽ 5 ശതമാനത്തിലേക്ക് മാറ്റി.
ഇതു പ്രകാരം പാലിനും പനീറിനും ഉൾപ്പെടെ ജിഎസ്ടി പൂർണമായും ഇല്ലാതായി. വെണ്ണ, നെയ്യ്, കശുവണ്ടി, ബദാം, ചോക്ലേറ്റ്, ബിസ്കറ്റ്, കണ്ടൻസ്ഡ് മിൽക്, ഐസ്ക്രീം , ജാം എന്നിവയുടെ നികുതി 5 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുമുണ്ട്. അതേസമയം 28 ശതമാനം സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ആഡംബര ഉത്പ്പന്നങ്ങൾ, സേവനങ്ങൾ, പുകയില ഉത്പന്നങ്ങൾ പോലുള്ള നിരുത്സാഹപ്പെടുത്തേണ്ട ഉത്പന്നങ്ങൾ എന്നിവയെ 40ശതമാനം എന്ന പ്രത്യേക സ്ലാബിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഇത് ഉടൻ പ്രാബല്യത്തിൽ വരില്ല.
വില കുറയുന്നവ
ടിവി, എസി, റഫ്രിജറേറ്റർ, ഷാംപൂ, ഫെയ്സ് പൗഡർ, ഹെയർ ഓയിൽ, തെർമോമീറ്റർ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ, 2500 രൂപ വരെ വിലയുള്ള ചെരിപ്പുകൾ, സിമന്‍റ്, ബുക്ക്, പെൻസിൽ, ക്രയോൺസ്.
ചെറുകാറുകളുടെയും 350 സിസി വരെ എൻജിൻ ശേഷിയുള്ള ടൂ വീലറുകളുടെയും ജിഎസ്ടി സ്ലാബ് 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. അതേ സമയം മറ്റു വാഹനങ്ങളുടെ ജിഎസ്ടി 40 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുമുണ്ട്.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് പൂജ്യമാക്കി മാറ്റും.