
ബിസിനസ് ലേഖകൻ
കൊച്ചി: അമെരിക്കയിലെ ബോണ്ടുകളുടെ മൂല്യവർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വങ്ങളും ഇന്ത്യയുടെ ഓഹരി വിപണിക്കും രൂപയ്ക്കും കനത്ത തിരിച്ചടി സൃഷ്ടിച്ചു. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ഇരട്ടി ആഘാതം സൃഷ്ടിച്ചു. ഡോളറിനെതിരേ തിങ്കളാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവോടെ 86.62ലെത്തി. തിങ്കളാഴ്ച 58 പൈസയുടെ മൂല്യയിടിവാണ് രൂപയിലുണ്ടായത്.
അമെരിക്കയിലെ തൊഴില്‍ മേഖലയിലെ അപ്രതീക്ഷിത ഉണര്‍വ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ കുറയ്ക്കല്‍ നടപടികള്‍ മന്ദഗതിയിലാക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,048.90 പോയിന്‍റ് നഷ്ത്തോടെ 76,330.01ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 345.55 പോയിന്‍റ് ഇടിഞ്ഞ് 23,085.95ലെത്തി. ഇന്ത്യന്‍ കമ്പനികളുടെ ലാഭവും വരുമാനവും പ്രതീക്ഷിച്ച വളര്‍ച്ച നേടില്ലെന്ന ആശങ്കയും തിരിച്ചടിയായി. ചെറുകിട ഓഹരി സൂചിക നാല് ശതമാനവും ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക 3.5 ശതമാനവും തകര്‍ച്ച നേരിട്ടു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 12.4 ലക്ഷം കോടി രൂപ ഇടിഞ്ഞ് 417.28 ലക്ഷം കോടി രൂപയിലെത്തി. വാഹന, മീഡിയ, മെറ്റല്‍, ബാങ്ക്, റിയല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ, എല്‍ ആന്‍ഡ് ടി, പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളും മൂക്കുകുത്തി.
ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 81 ഡോളറായതിനാല്‍ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമാകുന്നു. വിലക്കയറ്റവും നഗര മേഖലകളിലെ ഉപയോഗത്തിലെ ഇടിവും ഇന്ത്യന്‍ കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടാക്കുന്നു. അതേസമയം ഡിസംബറിലെ നാണയപ്പെരുപ്പം 5.22 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നത്.