

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ വിതരണ ശൃംഖല ശക്തം: സിഎഐടി
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ ലോകതലത്തിൽ ആശങ്ക സൃഷ്ടിക്കുമ്പോഴും, ഇന്ത്യൻ വിതരണ ശൃംഖലാ സംവിധാനം ശക്തമായും സ്ഥിരതയുള്ളതായും പൂർണമായി സ്വയം പര്യാപ്തമായും തുടരുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ എംപി.(ലോക്സഭ), ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് കമലാലയം, ദേശീയ പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവരാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് ആവശ്യമായ സാധനങ്ങളുടെ മതിയായ ശേഖരം ലഭ്യമാണെന്നും സാധനങ്ങളുടെ ലഭ്യതയോ വിതരണമോ സംബന്ധിച്ച് എന്തെങ്കിലും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സജീവ നിരീക്ഷണ സംവിധാനവും ശക്തമായ സഹകരണവും കാരണം വിതരണ ശൃംഖല നിരന്തരമായി പ്രവർത്തിക്കുന്നു. ഉപഭോക്താക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കാൻ, സംഘടനയുമായും ഭരണകൂടങ്ങളുമായും സഹകരിക്കണമെന്നും വ്യാപാരികളോട് നേതാക്കൾ അഭ്യർഥിച്ചു.
ആവശ്യമായ സാധനങ്ങളുടെ കുറവ് സംബന്ധിച്ച് കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്ന ഘടകങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിഷേധാൻഹമാണെന്നോം, അത്തരം പ്രചരണങ്ങൾ ദേശീയ താൽപ്പര്യത്തിന് വിരുദ്ധവുമാണ്. വിപണിയിൽ ആശങ്ക പരത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ഇന്ത്യയുടെ സംഭരണ വിതരണ മേഖലയും, അവയെ കൂട്ടിയോജിപ്പിക്കുന്ന മെച്ചപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യവും, മെച്ചപ്പെട്ട ഡിജിറ്റൽ നിരീക്ഷണ സംവിധാനവും, വർദ്ധിച്ച ആഭ്യന്തര ഉൽപ്പാദന ശേഷിയും രാജ്യത്തെ അവശ്യ സാധന ലഭ്യത കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ തന്ത്രപരമായ ശേഖരം, കാര്യക്ഷമമായ തുറമുഖ പ്രവർത്തനം, സുഗമമായ ഗതാഗത ശൃംഖല എന്നിവ എന്തെങ്കിലും ബാഹ്യ തടസ്സങ്ങളുടെ പേരിൽ ആഭ്യന്തര വിപണികളിൽ വലിയ സ്വാധീനം ചെലുത്തില്ലായെന്ന് ഉറപ്പാക്കുന്നു. വില സ്ഥിരത നിലനിർത്തുന്നതിനും, സാധനങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും, രാജ്യമാകമാനം നിരന്തരമായ വിതരണം ഉറപ്പാക്കുന്നതിനും രാജ്യത്തെ വ്യാപാര സമൂഹം പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ ഉറപ്പു നൽകി.