

ഇൻഡിഗോ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂടും.
file image
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധനമായ എടിഎഫിന്‍റെ (ATF) വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് തീരുമാനം. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. ഇതോടെ വിമാന യാത്രാക്കൂലി കൂടുതൽ ഉയരും.
ആഭ്യന്തര സർവീസുകളിൽ ദൂരപരിധിക്ക് അനുസരിച്ച് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർധിപ്പിച്ചിട്ടുള്ളത്. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി എടിഎഫ് വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായതെന്നും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായതായും കമ്പനി വ്യക്തമാക്കി.
പുതിയ ആഭ്യന്തര ഫ്യൂവൽ സർചാർജ് നിരക്കുകൾ:
500 കിലോമീറ്റർ വരെ: 375 രൂപ
501 മുതൽ 1,000 കിലോമീറ്റർ വരെ: 600 രൂപ
1,001 മുതൽ 1,500 കിലോമീറ്റർ വരെ: 900 രൂപ
1,501 മുതൽ 2,000 കിലോമീറ്റർ വരെ: 1,150 രൂപ
2,000 കിലോമീറ്ററിന് മുകളിൽ: 1,300 രൂപ
അന്താരാഷ്ട്ര സർവീസുകളിലെ നിരക്കുകൾ:
സാാർക് (SAARC) രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ 1,000 രൂപ മുതൽ 3,000 രൂപ വരെയും, ആഫ്രിക്കൻ സർവീസുകൾക്ക് 6,000 രൂപയും, യൂറോപ്യൻ സർവീസുകൾക്ക് 10,000 രൂപയുമാണ് ഫ്യൂവൽ സർചാർജ് ഈടാക്കുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യ, ജിസിസി, മിഡിൽ ഈസ്റ്റ് തുടങ്ങിയ റൂട്ടുകളിൽ ഇത് 5,500 രൂപയായിരിക്കും. ഇന്ധന വിലയിലെ വർധനവ് പ്രവർത്തനച്ചെലവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ അറിയിച്ചു.