കുതിച്ച് ഉത്പാദന മേഖല

കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓഗസ്റ്റിലെ ഉത്പാദന വളര്‍ച്ചയിലുണ്ടായത്.
Representative image
Representative image

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖല മികച്ച പ്രകടനം തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കണക്കുകളനുസരിച്ച് ഒഗസ്റ്റില്‍ രാജ്യത്തെ എട്ട് പ്രധാന മേഖലകളിലെ ഉത്പാദനങ്ങളടങ്ങുന്ന വ്യാവസായിക ഉത്പാദന സൂചിക 12.1 ശതമാനം വളര്‍ച്ചയാണ് നേടിയത്. സിമന്‍റ്, കല്‍ക്കരി, വൈദ്യുതി, വളം, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സ്റ്റീല്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ ഉത്പാദനത്തില്‍ മികച്ച പ്രകടനം ഇന്ത്യ തുടരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈയില്‍ ഈ മേഖലയിലെ ഉത്പാദന വളര്‍ച്ച എട്ടു ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓഗസ്റ്റിലെ ഉത്പാദന വളര്‍ച്ചയിലുണ്ടായത്.

ആഗോള വിപണിയിലെ മാന്ദ്യ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുകയാണെന്ന് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ആഗോള ഫണ്ടുകളുടെ പണമൊഴുക്കിലും കഴിഞ്ഞ മാസങ്ങളില്‍ അസാധാരണമായ വർധനയാണ് ദൃശ്യമാകുന്നത്. ഇതോടെ വ്യവസായ നിക്ഷേപ രംഗത്ത് ആത്മവിശ്വാസമേറുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ മുതല്‍ പാരമ്പര്യേതര ഊര്‍ജ മേഖലയിലും ഇലക്‌ട്രിക് വാഹന രംഗത്തും അമെരിക്കയിലെ പ്രമുഖ കമ്പനികളായ ടെസ്‌ലയും ജനറല്‍ ഇലക്‌ട്രിക്കും അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ (ജിഡിപി) വളര്‍ച്ചാ നിരക്ക് 6.3 ശതമാനമായി ഉയരുമെന്ന് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു.

അമെരിക്കയും യൂറോപ്പും നാണയപ്പെരുപ്പം നിയന്ത്രിക്കാനായി തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുമ്പോഴും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കൂടുന്നതാണ് രാജ്യത്തിന് ഗുണമാകുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെങ്കിലും ഇന്ത്യന്‍ രൂപ കാര്യമായ തകര്‍ച്ച നേരിട്ടില്ല.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും വന്‍കിട ഹെഡ്ജ് ഫണ്ടുകളും ഇന്ത്യയിലേക്ക് വീണ്ടും വന്‍തോതില്‍ പണമൊഴുക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളറിന് അടുത്ത് എത്തിയിട്ടും രൂപയ്ക്ക് കാര്യമായ സമ്മർദം നേരിടേണ്ടി വന്നില്ല.ലോകമൊട്ടാകെയുള്ള ധന വിപണികള്‍ കനത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഏറ്റവും വളര്‍ച്ചാ സാധ്യതയുള്ള സാമ്പത്തിക മേഖലയായാണ് ആഗോള നിക്ഷേപകര്‍ ഇന്ത്യയെ വിലയിരുത്തുന്നത്. 2031ഓടെ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജിഡിപി) 7.5 ലക്ഷം കോടി ഡോളറായി ഉയരുമെന്നും അവര്‍ വിലയിരുത്തുന്നു. ഇതിനാലാണ് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് പണമൊഴുക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com