വായ്പാ പലിശ നിരക്കുകൾ കുറച്ചേക്കും

സാമ്പത്തിക മേഖല മികച്ച വളർച്ച നേടുകയാണെങ്കിലും വായ്പകളുടെ പലിശ ഉയർന്ന് നിൽക്കുന്നതിനാൽ കമ്പനികളുടെ ലാഭക്ഷമത കുറയുകയാണെന്ന ആശങ്ക ശക്തമാണ്
പലിശ നിരക്കുകൾ കുറച്ചേക്കും
പലിശ നിരക്കുകൾ കുറച്ചേക്കും

ബിസിനസ് ലേഖകൻ

കൊച്ചി: പ്രതീക്ഷിച്ചതിലും നേരത്തേ കാലവർഷം എത്തിയതിനാൽ അടുത്ത വർഷം ജനുവരിയിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ കുറച്ചേക്കും. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുകയാണെങ്കിലും വായ്പകളുടെ പലിശ ഉയർന്ന് നിൽക്കുന്നതിനാൽ കമ്പനികളുടെ ലാഭക്ഷമത കുറയുകയാണെന്ന ആശങ്ക ശക്തമാണ്. ഇതോടൊപ്പം വായ്പാ തിരിച്ചടവ് ബാധ്യത കൂടിയതിനാൽ കൺസ്യൂമർ ഉത്പന്നങ്ങളുടെ വിപണിയും കടുത്ത സമ്മർദം നേരിടുന്നു. വിപണിയിലെ പണലഭ്യത വർധിപ്പിക്കാൻ അടിയന്തരമായി റിപ്പോ നിരക്കിൽ കുറവ് വരുത്തണമെന്ന് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നാല് ശതമാനത്തിൽ മുകളിൽ മാസങ്ങളായി തുടരുന്നതിനാൽ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് റിസർവ് ബാങ്കിന്‍റെ നിലപാട്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് നാണയപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

എന്നാൽ ഇത്തവണ കാലവർഷം സാധാരണയിലും മികച്ചതാകുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയതോടെ സാമ്പത്തിക മേഖല ആവേശത്തിലായി. ജനുവരി മാസത്തിന് ശേഷം മുഖ്യ പലിശ നിരക്കായ റിപ്പോ റിസർവ് ബാങ്ക് അര ശതമാനം വരെ കുറച്ചേക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജൻസി ഫിച്ച് ഇന്നലെ പ്രത്യാശ പ്രകടിപ്പിച്ചു.

മഴയുടെ ലഭ്യത കൂടിയാൽ കാർഷിക ഉത്പാദനം മെച്ചപ്പെടുമെന്ന് കർഷകർ കരുതുന്നു. അതിഉഷ്ണവും കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായത്. കാലാവസ്ഥ അനുകൂലമായാൽ ഉത്പാദനം മെച്ചപ്പെടുമെന്നതിനാൽ അരി, ഗോതമ്പ്, ഉള്ളി, പച്ചക്കറികൾ, ധാന്യങ്ങൾ, പഞ്ചസാര എന്നിവയുടെ വില സാധാരണ നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. ഏപ്രിലിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.83 ശതമാനമായി ഉയർന്നിരുന്നു. നാണയപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴ്ന്നാൽ മാത്രമേ റിസർവ് ബാങ്ക് പലിശ കുറയ്ക്കാനുള്ള തീരുമാനം എടുക്കൂവെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

2022 മേയിൽ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലെത്തിയതോടെയാണ് റിസർവ് ബാങ്ക് പലിശ വർധനാ നടപടികൾക്ക് തുടക്കമിട്ടത്. ഇതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.