

ഐഫോണുകളുടെ വില വർധിപ്പിച്ച് ആപ്പിൾ; വർധന 10,000 മുതൽ 30,000 രൂപ വരെ
ന്യൂഡൽഹി: ഐഫോൺ 18 പ്രോ സീരിസ് അവതരിപ്പിച്ചതിനു പിന്നാലെ നിലവിൽ വിപണിയിലുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും വില വർധിപ്പിച്ച് ആപ്പിൾ. 30,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.
ഐഫോൺ 16, ഐഫോൺ 17, ഐഫോൺ 17ഇ തുടങ്ങിയ മോഡലുകൾക്കാണ് വില വർധിപ്പിച്ചത്. ഐഫോൺ 17ഇ മോഡലിന് 15,000 രൂപയാണ് ഇന്ത്യയിൽ വർധിപ്പിച്ചത്. ഇതോടെ ഐഫോൺ 17ഇയുടെ വില ഏകദേശം 79,900 രൂപയായി. ഐഫോൺ 16ന് 10,000 രൂപ കൂട്ടിയതോടെ ഏകദേശം 89,900 രൂപയാണ് പുതിയ വില.
ഐഫോൺ 17ന് 17,000 രൂപ വർധിപ്പിച്ചത് 99,900 രൂപയിലെത്തി. ഐഫോൺ എയർ മോഡലിന് 30,000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 1,49,900 രൂപയാണ് ഐഫോൺ എയർ മോഡലിന്‍റെ പുതിയ വില.
കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ചത്. സെപ്റ്റംബർ 18 മുതൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഫോണുകൾ വിപണിയിലെത്തും.