കിഫ്ബി പൊളിച്ചെഴുതാൻ കേരളം

ധവളപത്രം കിഫ്ബിയെ സമാന്തര സാമ്പത്തിക അധികാരകേന്ദ്രമാക്കി സംസ്ഥാനത്തെ യഥാർത്ഥ കടബാധ്യത മറച്ചുവെച്ചതായി ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സമ്പൂർണ പൊളിച്ചെഴുത്തും ഫൊറൻസിക് ഓഡിറ്റും നിർദേശിക്കുന്നു
KIIFB fund loan

കിഫ്ബി സമാന്തര അധികാര കേന്ദ്രമെന്ന് വി.ഡി. സതീശൻ സർക്കാർ.

Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബി പൊളിച്ചെഴുതണമെന്ന് നിർദേശം. കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവില്‍ വരാന്‍ ഇടയാക്കിയെന്ന് ധവളപത്രത്തില്‍ വിമർശിക്കുന്നു. കിഫ്ബി ഉപേക്ഷിക്കില്ലെങ്കിലും സമ്പൂര്‍ണമായ പൊളിച്ചെഴുത്തുണ്ടാകും.

പദ്ധതികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മസാല ബോണ്ടിലും കിഫ്ബി അക്കൗണ്ടുകളിലും കണ്‍സള്‍ട്ടന്‍സികള്‍ക്കു പണം നല്‍കിയതിലും കടമെടുത്ത പണം ബാങ്കുകളില്‍ നിക്ഷേപിച്ചതിലും ഫൊറന്‍സിക് ഓഡിറ്റ് നടത്തും. സ്വന്തം കടമെടുപ്പു പരിപാടികളും പദ്ധതി രേഖകളും ഉള്ള രണ്ടാം സര്‍ക്കാരാണ് കിഫ്ബിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. അതേസമയം കിഫ്ബിക്ക് തനതായ വരുമാന സ്രോതസുകളോ ചെലവ് നിയന്ത്രണ സംവിധാനമോ കണക്കു ബോധിപ്പിക്കാനുള്ള നടപടിക്രമങ്ങളോ ഇല്ല. ധനകാര്യ മാനേജ്മെന്‍റിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്.

സംസ്ഥാനത്തിന്‍റെ യഥാര്‍ഥ കടത്തില്‍ കിഫ്ബിയുടെ കടമെടുപ്പ് ഉള്‍പ്പെടുന്നില്ല. ഇത് ധനകാര്യ അച്ചടക്കത്തെ ബാധിക്കും. കൂടാതെ പെട്രോളിയം സെസ്, മോട്ടര്‍ വാഹന നികുതി തുടങ്ങി സര്‍ക്കാരിന്‍റെ വരുമാന സ്രോതസുകള്‍ വഴിയാണ് കിഫ്ബിക്കു ഫണ്ട് കണ്ടെത്തുന്നത്. ഇതു സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ ബാധിക്കുമെന്നും ധവളപത്രത്തില്‍ പറയുന്നു.

കിഫ്ബി കടമെടുത്ത 42,053 കോടിയില്‍ 10,000 കോടിയില്‍ താഴെ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത്. പലിശയും ധനകാര്യ ചെലവുകളുമായ 10,198 കോടി തിരിച്ചടച്ച മുതലിനോളം തന്നെ വലുതാണ്. കിഫ്ബിയുടെ പക്കല്‍ ഇനി അവശേഷിക്കുന്ന ഫണ്ട് ബാലന്‍സ് ഏകദേ ശം 11,000 കോടിയാണ്. 21000 കോടിയുടെ വായ്പാ ബാധ്യതയാണ് ഇത് അവശേഷിപ്പിക്കുന്നത്. തിരിച്ചടവ് ഭാരം ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിന്‍റെ ചുമലിലാണു വരികയെന്നും ധവളപത്രം വ്യക്തമാക്കുന്നു.

ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി അംഗീകരിച്ചത്. ഇതില്‍ 25000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 41,610 കോടി നല്‍കിയിട്ടുണ്ട്. 35000 കോടിയുടെ ഫണ്ട് കണ്ടെത്തേണ്ട പദ്ധതികളാണ് അവശേഷിക്കുന്നത്. തീര്‍പ്പാക്കാത്ത 21000 കോടിയുടെ വായ്പാ ബാധ്യത കൂടി വരുമ്പോള്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് 56,000 കോടിയുടെ ബാധ്യതയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമേയാണ് പലിശച്ചെലവുക.

ധനവകുപ്പിനു കിഫ്ബിയുടെ കടമെടുപ്പ് തീരുമാനങ്ങള്‍ക്കും മറ്റും മേല്‍ പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍ ബാധ്യതകളും പ്രത്യാഘാതങ്ങളും ധനവകുപ്പിനെ ബാധിക്കുകയും ചെയ്യും. കിഫ്ബി കടമെടുപ്പിനെ ഔദ്യോഗിക ബജറ്റില്‍നിന്ന് ഒഴിവാക്കുന്നത് സംസ്ഥാനത്തിന്‍റെ യഥാര്‍ഥ ബാധ്യതകള്‍ സംബന്ധിച്ച് നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നും ധവളപത്രത്തില്‍ പറയുന്നു. കിഫ്ബി ഇതുവരെയുള്ള എല്ലാ രേഖകളും ബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും ധവളപത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പദ്ധതികൾ ഭൂരിഭാഗവും കണ്ണൂരിൽ

കിഫ്ബിയുടെ മുന്‍ഗണനകളിലും സംശയുണ്ടെന്ന് ധവളപത്രം വിമർശിക്കുന്നു. ആകെ അംഗീകരിച്ച് പദ്ധതികളില്‍ 20 ശതമാനവും നല്‍കിയ തുകയില്‍ 19 ശതമാനവും കണ്ണൂര്‍ ജില്ലയിലാണ്. തിരുവനന്തപുരത്ത് ഇത് 17 ശതമാനവും എറണാകുളത്ത് 11 ശതമാനവുമാണെന്നും പറയുന്നു. മറ്റ് ജില്ലകളിലെല്ലാം കൂടിയാണ് ബാക്കി തുച്ഛമായ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കിയത്.

പദ്ധതി വിതരണത്തില്‍ തന്ത്രപരമായ മുന്‍ഗണനകളേക്കാള്‍ രാഷ്ട്രീയമാണ് പ്രതിഫലിക്കുന്നത്. ബാധ്യതകള്‍ കൃത്യമായി നിറവേറ്റുക, കിഫ്ബിയുടെ സ്ഥാപനപരമായ മികവ് നിലനിര്‍ത്തുക, നിയമപരമായ ചട്ടക്കൂടുകളില്‍ ഭേദഗതികള്‍ വരുത്തുക, ചെലവുകള്‍ സുതാര്യമായി കണക്കാക്കി വരും വര്‍ഷങ്ങളില്‍ കൃത്യതയോടെ കൈകാര്യം ചെയ്യുക എന്നീ മാറ്റങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com