ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇയിൽ വൻ അവസരം; നിക്ഷേപ ബന്ധം ശക്തമാക്കാൻ കരാർ

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, നവീകരണ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ദുബായിലെ വെഞ്ചർ ക്യാപിറ്റൽ അന്തരീക്ഷത്തിന് പുതുജീവൻ നൽകാനുമാണ് പങ്കാളിത്തം
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇയിൽ വൻ അവസരം; നിക്ഷേപ ബന്ധം ശക്തമാക്കാൻ കരാർ

ദുബായിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ദുബായ് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

Updated on: 

ദുബായ്: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യുഎഇയിൽ പുതിയ അവസരങ്ങൾ തുറന്നുനൽകിക്കൊണ്ട് നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന കരാർ ഒപ്പുവച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, നവീകരണ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ദുബായിലെ വെഞ്ചർ ക്യാപിറ്റൽ അന്തരീക്ഷത്തിന് പുതുജീവൻ നൽകാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടും ബുയിമെർക് കോർപ്പറേഷനും തമ്മിലാണ് ഈ തന്ത്രപ്രധാനമായ കരാർ ഒപ്പുവച്ചിരിക്കുന്നത്. ഈ സഹകരണത്തിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഫണ്ട് മാനേജർമാർക്കും യുഎഇയിലെ വെഞ്ചർ ക്യാപിറ്റൽ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുബായിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ദുബായ് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പുതു തലമുറ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് കേന്ദ്രമായി വളരാൻ ഈ കരാർ അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പങ്കാളിത്തം വഴിതെളിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സാങ്കേതിക വിദ്യകൾക്കും സ്റ്റാർട്ടപ്പുകൾക്കും യുഎഇ നിക്ഷേപ വിപണിയുടെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഈ കരാർ ഏറെ സഹായകമാകുമെന്ന് കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡിയും വ്യക്തമാക്കി.

ചടങ്ങിൽ ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ട് ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സിഇഒയുമായ ഷെയ്ഖ് ഖൽഫാൻ ബെൽഹൂൽ, ഡിഐഎഫ്സി അഥോറിറ്റി സിഇഒ ആരിഫ് അമിരി, ഡിഎഫ്ഡിഎഫ് മാനേജിങ് ഡയറക്റ്റർ നാദർ അൽബസ്താകി, ബുയിമെർക് എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ സിദ്ധാർഥ് ബാലചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.