

പേലേറ്റർ ഖത്തറിൽ നിക്ഷേപം നടത്തുമെന്ന് ലുലു ഹോൾഡിങ്‌സ്
ദോഹ: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്‍റെ നിക്ഷേപ വിഭാഗമായ ലുലു എഐ ( ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ് മെന്‍റ്) ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ), എംബഡഡ് ഫിനാൻസ് സൊല്യൂഷനുകൾ എന്നിവയുടെ ലൈസൻസുള്ള പേ ലേറ്റർ ഖത്തറിൽ നിക്ഷേപം നടത്തും.ഖത്തർ സമ്പദ് വ്യവസ്ഥയിലുള്ള ലുലു എഐയുടെ ആദ്യ നിക്ഷേപമാണിത്. വളർന്നുവരുന്ന വിപണികളിലുടനീളം പുതു തലമുറ സാമ്പത്തിക സേവന ദാതാക്കളുടെ ശ്രേണി രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പേ ലേറ്റർ ഖത്തറിൽ നിക്ഷേപം നടത്തുന്നത്.
ഖത്തർ സെൻട്രൽ ബാങ്കിൽ നിന്ന് ബിഎൻപിഎൽ ലൈസൻസ് ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനിയായ പേ ലേറ്റർ.
"ലുലു എഐ എന്നത് വെറുമൊരു നിക്ഷേപ പോർട്ട്‌ഫോളിയോ മാത്രമല്ല,ബൗദ്ധികവും മനുഷ്യ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്ന, ഭാവി ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന ഒരു സ്ഥാപനം കൂടിയാണ്' - ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്‍റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. "ലുലു എഐയുമായുള്ള ഈ പങ്കാളിത്തം പേലേറ്ററിന്‍റെ വളർച്ചയുടെ സുപ്രധാന നാഴികക്കല്ലാണ്. ഖത്തറിലെ ഉത്തരവാദിത്തവും വഴക്കമുള്ളതുമായ ധനകാര്യ പ്രവർത്തനത്തിന്‍റെ ഭാവി ശോഭനമാക്കാൻ പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഈ പങ്കാളിത്തത്തിന് സാധിക്കും' പേലേറ്ററിന്‍റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അൽ-ദെലൈമി പറഞ്ഞു.