

കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനൊപ്പം എം.എ. യൂസഫലി
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാന്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ യൂസഫലി കുവൈത്ത് അമീറിനും കിരീടാവകാശിക്കും മുന്നില്‍ പങ്കുവെച്ചു. മേഖലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നല്‍കി വരുന്ന സംഭാവനകളെ ഭരണാധികാരികള്‍ പ്രശംസിച്ചു.
ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ എ.വി. ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടര്‍ കെ.എസ്. ശ്രീജിത്, റീജിയണല്‍ ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.