കരകാണാതെ പശ്ചിമേഷ്യൻ പ്രതിസന്ധി

ഇറാൻ-അമേരിക്ക സംഘർഷം നീണ്ടപ്പോൾ ഡോളർ കരുത്ത് വർധിച്ചു, ഏഷ്യ-യൂറോപ്പ് ഓഹരി വിപണികൾ സമ്മർദത്തിൽ
 Iran-Israel conflict

ഇറാൻ-ഇസ്രയേൽ സംഘർഷം, അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിന് ഏറ്റവും വലിയ പ്രതിസന്ധി

file photo

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യങ്ങള്‍ സങ്കീര്‍ണമായതോടെ ആഗോള വിപണികളിലെ അനിശ്ചിതത്വം രൂക്ഷമാകുന്നു. വെടിനിർത്തല്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറയ്ക്കാന്‍ ഇറാന്‍ തയാറാകാത്തതാണ് വിപണികളെ മുള്‍മുനയിലാക്കുന്നത്. ഇറാന്‍റെ തുറമുഖങ്ങള്‍ക്കെതിരേ അമെരിക്ക ഉപരോധം തുടരുന്നതും കനത്ത വെല്ലുവിളിയാണ്.

ലോകത്തിലെ മൊത്തം ഇന്ധന കൈമാറ്റത്തില്‍ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് അടഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. വ്യാഴാഴ്ച സിംഗപ്പുര്‍ വിപണിയില്‍ ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് 103 ഡോളറിലെത്തി. വെസ്റ്റ് ഹ്യൂസ്റ്റണ്‍ ക്രൂഡിന്‍റെ വില ബാരലിന് 94 ഡോളറിലെത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് ക്രൂഡ് ഓയില്‍ വില മുകളിലേക്ക് നീങ്ങുന്നത്.

സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഏറിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളറിന് കരുത്ത് വർധിപ്പിച്ചു. ഇതോടൊപ്പം യുഎസ് ബോണ്ടുകളുടെ മൂല്യവും ഉയര്‍ന്നതിനാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണം, ഓഹരി എന്നിവയില്‍ നിന്നും വലിയ തോതില്‍ പണം പിന്‍വലിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരികളും കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്.

ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി രണ്ടാം ദിവസവും മൂക്കുകുത്തി. സെന്‍സെക്സ് 852.49 പോയിന്‍റ് കുറഞ്ഞ് 77,664ല്‍ അവസാനിച്ചു. നിഫ്റ്റി 205.05 പോയിന്‍റ് ഇടിഞ്ഞ് 24,173.05ലെത്തി. വാഹന മേഖലയിലെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബാങ്കിങ്, ധനകാര്യ മേഖലയിലെ ഓഹരികളിലും വില്‍പ്പന സമ്മർദം രൂക്ഷമായി.

എണ്ണവിലയിലെ കുതിപ്പും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും രൂപയ്ക്കും തിരിച്ചടി സൃഷ്ടിച്ചു. വിദേശ നാണയ വ്യാപാരത്തില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ഊഹക്കച്ചവടക്കാര്‍ വിപണിയില്‍ വീണ്ടും സജീവമായി. ഡോളറിനെതിരേ ഇന്നലെ രൂപ 33 പൈസ നഷ്ടവുമായി 94.11ലെത്തി. കഴിഞ്ഞ വാരം രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലധികം ഇടിവാണുണ്ടായത്. സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 4,730 ഡോളറിലേക്ക് താഴ്ന്നു.

logo
Metro Vaartha
www.metrovaartha.com