ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതി വിലക്കിന് വിരാമം കുറിച്ച് കേന്ദ്രം

നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോതമ്പ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നത്
Indian atta and maida will now enter foreign markets

ഇന്ത്യൻ ആട്ടയും മൈദയും വീണ്ടും വിദേശ വിപണികളിലേക്ക്

Updated on

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പു പൊടി ഉൾപ്പടെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗോതമ്പുപൊടി,ആട്ട, മൈദ, റവ തുടങ്ങിയ ഗോതമ്പ് അധിഷ്ഠിതമായ എല്ലാ എല്ലാ ഉത്പന്നങ്ങളുടെയും വിദേശത്തേക്കുള്ള കയറ്റുമതിക്ക് വ്യാപാരികൾക്ക് അനുമതി നൽകി. കയറ്റുമതി നയത്തിൽ വരുത്തിയ ഭേദഗതികൾ വ്യക്തമാക്കിക്കൊണ്ട് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (DGFT) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോതമ്പ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നത്. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്‍റെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനുമായി 2022-ലാണ് കേന്ദ്രം കയറ്റുമതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഗോതമ്പ് ശേഖരമുള്ള പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ വലിയ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം രാജ്യത്തെ കാർഷിക വ്യവസായ മേഖലയ്ക്കും കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാകും. ആഗോള വിപണിയിൽ ഇന്ത്യൻ ആട്ടയ്ക്കും മറ്റ് ഗോതമ്പ് ഉൽപ്പന്നങ്ങൾക്കും വലിയ ഡിമാൻഡ് നിലനിൽക്കുന്നതിനാൽ, കയറ്റുമതി പുനരാരംഭിക്കുന്നത് വ്യാപാരികൾക്ക് വിദേശ വിപണിയിൽ മികച്ച മുന്നേറ്റത്തിന് അവസരമൊരുക്കും. വരും ദിവസങ്ങളിൽ ഇത് മേഖലയിലെ വ്യാപാര വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com