mutual fund inflow drops
മൂക്കുകുത്തി മ്യൂച്വല്‍ ഫണ്ട്

മൂക്കുകുത്തി മ്യൂച്വല്‍ ഫണ്ട്

ഓഹരി, കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
Published on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു. നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 60,295 കോടി രൂപയായാണ് മൂക്കുകുത്തിയത്. ഒക്റ്റോബറില്‍ 2.4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ എത്തിയത്. കഴിഞ്ഞ 45 മാസമായി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. ഓഹരി, കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ (എഎംഎഫ്ഐ) കണക്കുകളനുസരിച്ച് നവംബറില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം 14% ഇടിഞ്ഞ് 35,943 കോടി രൂപയായി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യയിടിവും സാമ്പത്തിക രംഗത്തെ തളര്‍ച്ചയുമാണ് നിക്ഷേപ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചത്.

അമെരിക്കയിലെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങള്‍ കാരണം കഴിഞ്ഞ മാസം ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ പണമൊഴുക്കിന്‍റെ വേഗത കുറച്ചെന്നാണ് വിലയിരുത്തുന്നത്. വിപണി സ്ഥിരത കൈവരിക്കുന്നതു വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് നിക്ഷേപകരെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപ ഒഴുക്കില്‍ കുറവുണ്ടായെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം ആസ്തി ഒക്റ്റോബറിലെ 67.25 ലക്ഷം കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാസം 68.08 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ചെറുകിട ഓഹരികള്‍ക്ക് പ്രിയമേറുകയാണ്. എഎംഎഫ്ഐയുടെ കണക്കുകളനുസരിച്ച് ചെറുകിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്കീമുകള്‍ക്കാണ് പ്രിയം കൂടുതലുള്ളത്. സ്മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ഒക്റ്റോബറിലെ 3,772 കോടി രൂപയില്‍ നിന്ന് 4,112 കോടി രൂപയായി ഉയര്‍ന്നു. ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ഇക്കാലയളവില്‍ 3,452 കോടിയില്‍ നിന്ന് 2,548 കോടി രൂപയിലേക്ക് താഴ്ന്നു. സെക്റ്ററല്‍ തീമാറ്റിക് ഫണ്ടുകളിലേക്കാണ് ഏറ്റവുമധികം നിക്ഷേപം ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com