
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഇടിവ്
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ ചെറുകിട നിക്ഷേപകരെ ബാധിക്കുന്നു. ഇതോടെ മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 13 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. രാജ്യത്തെ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ നിന്ന് ചെറുകിട ഉപയോക്താക്കള്‍ പിന്മാറുന്നത്.
പുതിയ കണക്കുകളനുസരിച്ച് മേയില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 21.66 ശതമാനം കുറഞ്ഞ് 19,013.12 കോടി രൂപയിലെത്തിയെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) കണക്കുകള്‍ പറയുന്നു. ലാര്‍ജ് കാപ്പ് ഫണ്ടുകളിലേക്ക് ലഭിച്ച നിക്ഷേപത്തില്‍ കഴിഞ്ഞ മാസം 53.19 ശതമാനം ഇടിവാണുണ്ടായത്. മേയില്‍ മൊത്തം 1,250.47 കോടി രൂപയാണ് നിക്ഷേപകര്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ മുടക്കിയത്. മുന്‍നിര കമ്പനികളുടെ ഓഹരികള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ പ്രിയം കുറയുകയാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആഗോള മേഖലയിലെ അനിശ്ചിതത്വം കാരണം വിപണിയിലുണ്ടാകുന്ന കനത്ത ചാഞ്ചാട്ടവും കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച ദൃശ്യമാകാത്തതും നിക്ഷേപ വിശ്വാസത്തിന് ഇടിവ് തട്ടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഭൂരിപക്ഷം കമ്പനികളുടെയും അറ്റാദായത്തിലും വിറ്റുവരവിലും ഗണ്യമായ ഇടിവാണുണ്ടായത്. ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണ് ഓഹരി വിപണി ഇപ്പോഴും മികച്ച നേട്ടമുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ ചാഞ്ചാട്ടം ശക്തമായതോടെ നിക്ഷേപകര്‍ വലിയ തോതില്‍ നഷ്ടം നേരിടുന്നതും ആവേശം കുറയ്ക്കുന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും ഉയര്‍ന്ന ഓഹരി വിലയും നിക്ഷേപകരെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞമാസം ഇടത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 15.25 ശതമാനം കുറഞ്ഞ് 2,808.68 കോടി രൂപയിലെത്തി. ചെറുകിട ഓഹരികളുടെ ഫണ്ടുകളിലെ നിക്ഷേപം 19.64 ശതമാനം ഇടിഞ്ഞ് 3,214.21 കോടി രൂപയായി. അതേസമയം ആര്‍ബിട്രേജ് ഫണ്ടുകളിലെ നിക്ഷേപം 33 ശതമാനം ഉയര്‍ന്ന് 15,701 കോടി രൂപയിലെത്തി.
വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് ശക്തമാക്കി. കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളും ഗണ്യമായി കുറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ 15,908 കോടി രൂപയാണ് വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്.