

ഉരുളക്കിഴങ്ങ് പച്ച പിടിച്ചു! ദക്ഷിണ പൂർവ ഏഷ്യൻ വിപണി പിടിച്ച് ഇന്ത്യ
ന്യൂഡൽഹി: തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ ഉരുളക്കിഴങ്ങ് ഉത്പന്നങ്ങളുടെ വിപണിയിൽ മേൽക്കൈ നേടി. ഇന്ത്യ. സംസ്കരിച്ച ഉരുളക്കിഴങ്ങ് ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ ഉത്തർപ്രദേശ് , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ വികസനം കുതിച്ചുയരുകയാണെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് (ജിടിആർഐ) റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021-22 കാലഘട്ടത്തിൽ ഉണക്കിയ ഉരുളക്കിഴങ്ങ് ഗ്രാനൂൾസിനും പെല്ലറ്റ്സിനും 11.4 മില്യൺ ഡോളറായിരുന്നു ലഭിച്ചിരുന്നതെങ്കിൽ 2024-25 ലെത്തുമ്പോൾ 63.3 മില്യൺ ഡോളറായാണ് വർധിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് പൊടി, സ്റ്റാർച്ച്, ചിപ്സ്, റെഡി ടു ഈറ്റ് വിഭവങ്ങൾ എന്നിവയുടെയും ആവശ്യകത വർധിച്ചു വരുകയാണ്. 2021-22 ൽ 6.2 മില്യൺ ഡോളറാണ് ഇവയുടെ കയറ്റുമതിയിലൂടെ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 18.8 മില്യൺ ഡോളറാണ് ലഭിക്കുന്നത്.
ഇതിൽ എൺപത് ശതമാനവും മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്. തെക്കു കിഴക്കൻ ഏഷ്യയിൽ ആവശ്യക്കാർ ഏറുന്നത് തിരിച്ചറിഞ്ഞ് ഗുജറാത്തിലും ഉത്തർപ്രദേശിലുമെല്ലാം പുതിയ ഡീഹൈഡ്രേഷൻ പ്ലാന്‍റുകളും കരാർ പ്രകാരമുള്ള കൃഷിയുമെല്ലാം ഉടലെടുത്തിരിക്കുകയാണെന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ് പറയുന്നു.
വർഷത്തിൽ ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി ഏതാണ്ട് 56 മില്യൺ ടൺ ഉരുളക്കിഴങ്ങാണ് വിളവെടുക്കുന്നത്. വലിയ ചെലവും വ്യതിചലിച്ചു കൊണ്ടിരിക്കുന്ന വിളവെടുപ്പു രീതിയും യൂറോപ്പിനെയും പ്രാദേശിക ആവശ്യകതയ്ക്ക് പ്രാധാന്യം നൽകുന്ന ചൈനയെയും അടുപ്പിക്കാനാകാത്ത സാഹചര്യത്തിൽ ഇന്ത്യ കുറഞ്ഞ വിലയ്ക്ക് വർഷം മുഴുവൻ ഉത്പന്നങ്ങൾ ലഭ്യമാകുന്ന രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മലേഷ്യയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉണക്കിയ ഉരുളക്കിഴങ്ങ് ഗ്രാന്യൂളുകളും പെല്ലറ്റും വാങ്ങുന്നത്. 22.1 മില്യൺ യുഎസ് ഡോളറാണ് മലേഷ്യയിലേക്കുള്ള കയറ്റുമതിയിലൂടെ ലഭിക്കുന്നത്. രണ്ടാമത് ഫിലിപ്പീൻസും മൂന്നാമത് ഇന്തോനേഷ്യയുമാണുള്ളത്.