സിമന്‍റ് കമ്പനികൾക്ക് ലാഭക്കൊയ്ത്ത്

ഭവന മേഖലയിലെ തളര്‍ച്ചയെ മറികടക്കുന്ന വിധമാണ് പശ്ചാത്തല വികസന രംഗത്ത് സിമന്‍റ് ഉപയോഗം ഉയരുന്നതെന്നും കമ്പനികള്‍ പറയുന്നു.
profit for cement companies

സിമന്‍റ് കമ്പനികൾക്ക് ലാഭക്കൊയ്ത്ത്

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ ഉണര്‍വിന്‍റെ കരുത്തില്‍ സിമന്‍റ് കമ്പനികളുടെ ലാഭം കുത്തനെ കൂടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ഇന്ത്യന്‍ സിമന്‍റ് കമ്പനികളുടെ ലാഭത്തില്‍ ഗണ്യമായ വർധനയുണ്ടായി.

രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനിയായ അള്‍ട്രാടെക്കിന്‍റെ അറ്റാദായം 10% ഉയര്‍ന്ന് 2,482 കോടി രൂപയിലെത്തി. ഡിസംബര്‍ പാദത്തിലേക്കാള്‍ അറ്റാദായത്തില്‍ 83% വർധനയുണ്ടായി. മൊത്തം വരുമാനം 13% വർധിച്ച് 23,063.32 കോടി രൂപയായി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്‍റ്സിന്‍റെ അറ്റാദായം ഇക്കാലയളവില്‍ 74.51% വർധനയോടെ 928.88 കോടി രൂപയിലെത്തി.

അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പാണ് ഇന്ത്യന്‍ സിമന്‍റ് കമ്പനികള്‍ക്ക് മികച്ച നേട്ടം നല്‍കുന്നത്. വിപണിയുടെ നിയന്ത്രണം പൂര്‍ണമായും വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈയിലേക്ക് നീങ്ങിയതോടെ ചെറുകിട കമ്പനികള്‍ പലതും പൂട്ടലിന്‍റെ വക്കിലാണ്. അദാനി ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പുമാണ് വിപണി വിഹിതം തുടര്‍ച്ചയായി വർധിപ്പിക്കുന്നത്. ഏറ്റെടുക്കലുകളിലൂടെയും ലയനങ്ങളിലൂടെയുമാണ് ഇരു കമ്പനികളും വിപണിയില്‍ മേധാവിത്വം നേടുന്നത്.

ഇന്ത്യയൊട്ടാകെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ദേശീയ പാതകളുടെയും പാലങ്ങളുടെയും നിർമാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതാണ് സിമന്‍റ് കമ്പനികള്‍ക്ക് ലോട്ടറിയാകുന്നത്. അള്‍ട്രാടെക് സിമന്‍റും അംബുജ സിമന്‍റും ഡാല്‍മിയും പോലുള്ള വമ്പന്‍ കമ്പനികള്‍ വിപണി അതിവേഗത്തില്‍ വികസിപ്പിച്ചതോടെ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടലിന്‍റെ വക്കിലാണ്. ഭവന മേഖലയിലെ തളര്‍ച്ചയെ മറികടക്കുന്ന വിധമാണ് പശ്ചാത്തല വികസന രംഗത്ത് സിമന്‍റ് ഉപയോഗം ഉയരുന്നതെന്നും കമ്പനികള്‍ പറയുന്നു.

ഉപയോഗം ഉയര്‍ന്നതോടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാന്‍ കമ്പനികള്‍ നടപടികള്‍ തുടങ്ങി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദന ശേഷിയില്‍ 4.5 കോടി ടണ്ണിന്‍റെ വർധന വരുത്തുന്നതിനാണ് വിവിധ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.

ഇന്ത്യന്‍ കമ്പനികള്‍ സിമന്‍റ് ഉത്പാദന ശേഷി റെക്കോഡ് വേഗത്തിലാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അദാനി സിമന്‍റ്സ് പത്ത് കോടി ടണ്ണിന്‍റെ ഉത്പാദന ശേഷിയാണ് കൈവരിച്ചത്. അംബുജ സിമന്‍റ്സും എസിസിയും ഉള്‍പ്പെടുന്നതാണ് അദാനി സിമന്‍റ്സ്. കഴിഞ്ഞവര്‍ഷം 14 ലക്ഷം ടണ്ണിന്‍റെ ഉത്പാദന ശേഷി വർധിപ്പിച്ച് അള്‍ട്രാടെക്കും മികച്ച മുന്നേറ്റം നടത്തി. ഇതോടെ അള്‍ട്രാടെക്കിന്‍റെ മൊത്തം ഉത്പാദന ശേഷി 18.47 കോടി ടണ്ണായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com