വാർഷിക ശമ്പള വർധനവ് നൽകില്ല: സോഹോ

കൂട്ടപ്പിരിച്ചു വിടലുകൾ ഒഴിവാക്കാൻ കഠിന പരിശ്രമത്തിലാണെന്നും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു
Soho founder Sridhar Vembu

സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Updated on: 

ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെ തുടർന്നും സോഫ്റ്റ് വെയർ മേഖല നേരിടുന്ന അനിശ്ചിതത്വങ്ങൾ കാരണവും ജീവനക്കാർക്ക് ഇത്തവണ വാർഷിക ശമ്പള വർധനവ് നൽകില്ലെന്ന് പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ സോഹോ കോർപറേഷൻ. വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയ ശ്രീധർ വെമ്പു കൂട്ടപ്പിരിച്ചു വിടലുകൾ ഒഴിവാക്കാൻ കമ്പനി കഠിന പരിശ്രമത്തിലാണെന്നും വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശ്രീധർ വെമ്പു കമ്പനി നിലപാട് വ്യക്തമാക്കിയത്. ഡാറ്റാ സെന്‍ററുകൾക്ക് ആവശ്യമായ സെർവറുകളുടെ വിലയിലുണ്ടായ വർധനവും എഐ ഉപയോഗം ഉയർന്നതുമാണ് കമ്പനിയുടെ ചെലവുകൾ ഇത്രയധികം കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

“സോഫ്റ്റ്‌വെയർ രംഗത്തെ ഭാവി അനിശ്ചിതത്വത്തിലാണ്. അതിനൊപ്പം എഐ ഉപയോഗം കമ്പനിയുടെ ചെലവുകൾ വൻതോതിൽ വർധിപ്പിച്ചു. മാർക്കറ്റിങ് ബജറ്റ് ഞങ്ങൾ വെട്ടിച്ചുരുക്കി. ജീവനക്കാർക്ക് ഇത്തവണ പതിവുപോലെ ശമ്പളവർധനവ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ ഞാൻ ജീവനക്കാരോട് മാപ്പപേക്ഷിക്കുന്നുവെന്ന് ശ്രീധർ വെമ്പു എക്‌സിൽ കുറിച്ചു.

കഴിഞ്ഞ 18 മാസമായി സോഹോ പുതിയ ജീവനക്കാരെ എടുക്കുന്നില്ല. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ജീവനക്കാർ മനസിലാക്കുന്നുണ്ടെന്നും അതിന് നന്ദിയറിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയെ പുതിയ രീതിയിൽ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ഇതിന്‍റെ ഫലം കാണാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com