

ലോണുകളുടെ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ
മുംബൈ: റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വെള്ളിയാഴ്ച രാവിലെ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടു തവണ പലിശ നിരക്ക് അതേപടി നില നിർത്തിയതിനു ശേഷമാണ് ആർബിഐയുടെ നടപടി. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) യുടെ തീരുമാനം പ്രകാരമാണ് പലിശ നിരക്കിൽ കുറവു വരുത്തിയത്. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
യുഎസ് ചുമത്തിയ ഉയർന്ന താരിഫിന്‍റെ സാഹചര്യത്തിൽ സാമ്പത്തിക മേഖല പണപ്പെരുപ്പത്തിലേക്കോ സാമ്പത്തിക മാന്ദ്യത്തിലേക്കോ വീഴാതിരിക്കുമെന്ന് ഉറപ്പാക്കാനാണ് ആർബിഐയുടെ ശ്രമം.
ഡോളറിനെതിരേ ഇന്ത്യൻ രൂപ താഴെ വീഴുന്നത് തടയാൻ കഴിയുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ.
ആറംഗ സമിതി ഐകകണ്ഠമായി ശുപാർശ ചെയ്ത പ്രകാരമാണ് നടപടി. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി (എസ്ഡിഎഫ്) 5 ശതമാനമായി കുറച്ചിട്ടുമുണ്ട്.