

കടലാസിന് വിട, പ്ലാസ്റ്റിക് കറൻസി ഇറക്കാനൊരുങ്ങി ആർബിഐ
ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസികൾ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ആർബിഐ അവസാനമായി ചേർന്ന രണ്ട് ബോർഡ് യോഗങ്ങളിലും ഈ വിഷയത്തിൽ ചർച്ച നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. പരീക്ഷണാർഥം ആദ്യം 10,20 രൂപാ നോട്ടുകളായിരിക്കും പോളിമർ കറൻസിയായി പുറത്തിറക്കുക. നിലവിൽ കോട്ടൺ അധിഷ്ഠിത പേപ്പറിലാണ് നോട്ടുകൾ നിർമിക്കുന്ത്. നാലു വർഷം കഴിയുമ്പോഴേക്കും പേപ്പർ മുഷിയുന്നത് പതിവാണ്.
2024-25 വർഷത്തിൽ 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെത്തുടർന്ന് റിസർവ് ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ചത്. അഞ്ഞൂറിന്‍റെയും നൂറിന്‍റെയും നോട്ടുകളാണ് ഇത്തരത്തിൽ വ്യാപമായി നാശമാകുന്നത്. പോളിമർ നോട്ടുകൾ ഇറക്കുന്നതോടെ കള്ളനോട്ട് വ്യാപകമാകുന്നതും കുറയ്ക്കാൻ സാധിക്കും. മാത്രമല്ല പോളിമർ നോട്ടുകൾ ഏറെ കാലം നില നിൽക്കുന്നതിനാൽ നോട്ട് അച്ചടി ചിലവും കുറയ്ക്കാൻ സാധിക്കും.
2012ലും റിസർവ് ബാങ്ക് ഇത്തരത്തിലൊരു നീക്കം നടത്തിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം അന്ന് നടപ്പിലായില്ല. നോട്ടുകൾക്കു പകരം നാണയങ്ങൾ കൂടുതലായി ഉപയോഗത്തിൽ വരുത്താനുള്ള ശ്രമവും ആർബിഐ നടത്തിയിരുന്നു. പക്ഷേ ഈ ശ്രമം വലിയ ഫലം കണ്ടില്ല.
ഓസ്ട്രേലിയ, കാനഡ, യുകെ. ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങി അറുപതോളം രാജ്യങ്ങളിൽ ഇപ്പോൾ പ്ലാസ്റ്റിക് കറൻസി നോട്ട് പ്രാബല്യത്തിൽ ഉണ്ട്.