ഉണർവോടെ റിയല്‍ എസ്റ്റേറ്റ് മേഖല

കഴിഞ്ഞ വര്‍ഷം 211 പുതിയ പ്രൊജക്റ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Representative image
Representative image

കൊച്ചി: കൊവിഡ് കാലത്തെ പ്രതിസന്ധിക്കുശേഷം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ എണ്ണത്തില്‍ 32.70% വര്‍ധനയുണ്ടായതായി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റെറ) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 211 പുതിയ പ്രൊജക്റ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 159 പ്രൊജക്റ്റുകളായിരുന്നു. മൊത്തം 1.63 കോടി ചതുരശ്രയടിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതില്‍ 1.84 ലക്ഷം ചതുരശ്രയടി കൊമേഴ്സ്യല്‍ ഏരിയയാണ്. ചതുരശ്രയടിക്ക് ശരാശരി 3,000 രൂപ വീതം നിര്‍മാണച്ചെലവ് കണക്കാക്കിയാല്‍ 5,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭൂമിയുടെ വില ഒഴികെയുള്ള കണക്കാണിത്. ചതുരശ്രയടിക്ക് 6,000 രൂപ നിരക്കില്‍ വില്‍പ്പന കണക്കാക്കിയാല്‍ 10,000 കോടി രൂപയുടെ വിറ്റുവരവും ഇതില്‍ നിന്ന് ലഭിക്കുന്നു.

രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലയളവിലാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുക. അങ്ങനെ നോക്കുമ്പോള്‍ പ്രതിവര്‍ഷം 5,000 കോടി രൂപയുടെ വില്‍പ്പന നടക്കുന്നതായി കണക്കാക്കാം. നികുതിയും വിവിധ ഫീസിനങ്ങളിലുമായി പദ്ധതി ചെലവിന്‍റെ 38% കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കും. 100 രൂപ ചെലവാക്കുമ്പോള്‍ 38.20 രൂപയാണ് സര്‍ക്കാരിലേക്കെത്തുക.

കഴിഞ്ഞ വര്‍ഷം റെറയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ കൂടുതലും റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് പദ്ധതികളാണ്. 122 പദ്ധതികളിലായി 7,362 യൂണിറ്റുകളാണ് നിര്‍മാണത്തിലുള്ളത്. 56 വില്ല പ്രൊജക്റ്റുകളിലായി 1,181 യൂണിറ്റുകളും നിര്‍മാണത്തിലുണ്ട്. 21 പ്ലോട്ടുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്‍റുകളോട് ചേര്‍ന്നുള്ള കൊമേഴ്സ്യല്‍ സ്പേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. 12 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് റെറ രജിസ്ട്രേഷന്‍ ആവശ്യമില്ലാത്തതിനാല്‍ അതിന്‍റെ കണക്ക് ഇതിലുള്‍പ്പെടുന്നില്ല.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 78 പദ്ധതികളിലായി 2,787 യൂണിറ്റുകളാണ് ഇവിടെ നിര്‍മാണം നടക്കുന്നത്. രണ്ടാം സ്ഥാനത്ത് 51 പദ്ധതികളുമായി തിരുവനന്തപുരം ജില്ലയാണ്. 2,701 യൂണിറ്റുകളാണ് ഇവിടെ നിര്‍മാണത്തിലിരിക്കുന്നത്. എണ്ണത്തില്‍ കുറവാണെങ്കിലും വലിയ പ്രൊജക്റ്റുകള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്. തൃശൂര്‍ (25), പാലക്കാട് (24), കോഴിക്കോട് (14), കണ്ണൂര്‍ (3) എന്നിവയാണ് രജിസ്ട്രേഷനില്‍ മുന്നിലുള്ള മറ്റ് ജില്ലകള്‍. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓരോ പദ്ധതി വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com