പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ആർബിഐ

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴുന്നതാണ് റിസര്‍വ് ബാങ്കിന് ഏറെ ആശ്വാസം പകരുന്നത്.
Reserve Bank of India to dip interest rate

പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ആർബിഐ

Updated on

കൊച്ചി: ആഗോള ചലനങ്ങളും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും കണക്കിലെടുത്ത് അടുത്ത മാസം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് അര ശതമാനം കൂടി കുറച്ചേക്കും. ചില്ലറ, മൊത്ത വില സൂചികയിലധിഷ്ഠിതമായ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന തലത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങി. പാകിസ്ഥാനെതിരേ നടത്തിയ സൈനിക നടപടി സാമ്പത്തിക മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വത്തെ മറികടക്കാന്‍ പലിശയിളവ് കമ്പനികള്‍ക്ക് ഏറെ ആശ്വാസം പകരുമെന്നു വ്യവസായ ലോകം ചൂണ്ടിക്കാട്ടുന്നു.

അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അടക്കമുള്ള പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പുവര്‍ഷം രണ്ട് തവണയിലധികം പലിശ കുറയ്ക്കുമെന്ന് സൂചന നല്‍കിയിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴുന്നതാണ് റിസര്‍വ് ബാങ്കിന് ഏറെ ആശ്വാസം പകരുന്നത്. അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര യുദ്ധ ഭീഷണി ശക്തമായതോടെ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതും വിലക്കയറ്റത്തിന് ശമനമുണ്ടാക്കി.

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നയസമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍ കഴിഞ്ഞ രണ്ട് ധന നയ അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം വിതം കുറച്ച് ആറ് ശതമാനമാക്കിയിരുന്നു.

സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകര്‍ന്ന് ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 3.34 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഗുണമായത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ പരമാവധി പരിധിയായ നാല് ശതമാനത്തിന് താഴെ നിലനില്‍ക്കുന്നത്. ഉപഭോക്തൃ വില സൂചികയില്‍ പകുതിയിലധികം പങ്കാളിത്തമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ 1.78 ശതമാനം വര്‍ദ്ധനയുണ്ടായി.

ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 2.92 ശതമാനമാണ്. നഗര മേഖലകളില്‍ വില സൂചികയിലെ വര്‍ദ്ധന 3.36 ശതമാനമാണ്. ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായിരുന്നെങ്കിലും കാര്‍ഷിക ഉത്പാദനത്തെ കാര്യമായി ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ 3.34 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 4.83 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com