
നാണയപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കായ 2.82 ശതമാനത്തിലെത്തി
ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം മേയില്‍ 75 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.82 ശതമാനത്തിലെത്തി. ഏപ്രിലില്‍ നാണയപ്പെരുപ്പം 3.2 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നിരക്കായ നാല് ശതമാനത്തിന് താഴെ നാണയപ്പെരുപ്പം തുടര്‍ച്ചയായ നാലാം മാസത്തിലും തുടരുകയാണ്.
നാണയപ്പെരുപ്പം കണക്കാക്കുന്നതില്‍ ഗണ്യമായ പങ്കാളിത്തമുള്ള ഭക്ഷ്യ വില സൂചിക മൂന്നാം വാരവും മൂന്ന് ശതമാനത്തില്‍ താഴെയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ശരാശരി നാണയപ്പെരുപ്പം 3.7 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ ധന നയത്തില്‍ വിലയിരുത്തിയിരുന്നത്. ഭക്ഷ്യ വില സൂചിക കഴിഞ്ഞ മാസം 0.99 ശതമാനമായി താഴ്ന്നു. ഏപ്രിലിലിത് 1.78 ശതമാനമായിരുന്നു. അവലോകന കാലയളവില്‍ പച്ചക്കറി വില മുന്‍വര്‍ഷത്തേക്കാള്‍ 13.7% കുറഞ്ഞു. ധാന്യങ്ങളുടെ വില 4.77% ഉയര്‍ന്നപ്പോള്‍ പയര്‍വര്‍ഗങ്ങളുടെ വില 8.22% താഴ്ന്നു.
ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 2.59 ശതമാനമായി താഴ്ന്നു. നഗര മേഖലയില്‍ വില സൂചിക 3.07 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത ചെലവുകള്‍ ഉയര്‍ന്നു. ഇന്ധന വില സൂചിക 2.78 ശതമാനത്തിലേക്ക് താഴ്ന്നു. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം കുറച്ചതും കാലവര്‍ഷത്തിന്‍റെ ലഭ്യത കൂടിയതോടെ കാര്‍ഷിക ഉത്പാദനം മെച്ചപ്പെട്ടതും നാണയപ്പെരുപ്പം താഴാന്‍ സഹായകമായെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക മേഖലയിലെ തളര്‍ച്ച മൂലം ഉപയോഗം ഇടിഞ്ഞതും അനുകൂല സാഹചര്യം സൃഷ്ടിച്ചു. അതേസമയം വിലക്കയറ്റ സൂചികയില്‍ കേരളം ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് കേരളത്തില്‍ ഉപഭോക്തൃ വില സൂചികയിലെ വർധന 6.46 ശതമാനമാണ്. പഞ്ചാബില്‍ 5.21 ശതമാനവും ജമ്മു കശ്മീരില്‍ 4.55 ശതമാനവും വളര്‍ച്ചയാണ് വില സൂചികയിലുണ്ടായത്.