ദുബായിൽ ആദ്യ അന്തർദേശിയ ഓഫീസുമായി റിച്ച്മാക്സ് ഗ്രൂപ്പ്
ദുബായിൽ ആദ്യ അന്തർദേശിയ ഓഫീസുമായി റിച്ച്മാക്സ് ഗ്രൂപ്പ്
ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്‍റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായിൽ തുറക്കും. മന്ത്രാലയ ഉദ്യോഗസ്ഥരുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഓഫീസ് ഉദ്‌ഘാടനം ചെയ്യും. ദുബായ് കരാമയിൽ പ്രവർത്തനം തുടങ്ങുന്ന പുതിയ ഓഫീസ് റിച്ച്മാക്സ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ യുഎഇയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.2030 ആകുമ്പോഴേക്കും മിഡിലീസ്റ്റിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ഗ്രൂപ്പിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമാണ് ഈ വിപുലീകരണം.
വിശ്വാസം, സേവനം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായി സാമ്പത്തിക സേവനങ്ങൾ, യാത്ര, ടൂറിസം, വ്യാപാരം, കമ്മ്യൂണിറ്റി സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലായി തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റിച്ച്മാക്സ് ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉപയോക്തൃ കേന്ദ്രീകൃത സമീപനം, സാങ്കേതിക പുരോഗതി, ധാർമ്മിക ബിസിനസ്സ് രീതികൾ എന്നിവ അന്താരാഷ്ട്ര വിപണികളിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'2027 ആകുമ്പോഴേക്കും യുഎഇയിലെ എല്ലാ എമിറേറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. 2030 ആകുമ്പോഴേക്കും ജിസിസി മേഖലയിലുടനീളം റിച്ച് മാക്സിന്‍റെ സാന്നിദ്ധ്യം ഉണ്ടാവും'- അഡ്വ. ജോർജ് ജോൺ വാലത്ത് പറഞ്ഞു. പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുന്നതിനും ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും മാനവിക സംരംഭങ്ങളിലൂടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി പ്രത്യേക നിരക്കിൽ നാല് ദിവസത്തെ സലാല യാത്ര 'സലാല കാമ്പെയ്ൻ' എന്ന പേരിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിവിധ നിലവാരത്തിലുള്ള യാത്രാ പാക്കേജുകൾ റിച്ച് മാക്സിൽ ലഭ്യമാണെന്നും ജി സി സി തല ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതോടെ ടൂറിസം മേഖലയിൽ വൻ വളർച്ച ഉണ്ടാവുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.
റിച്ച് മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്തിനെ കൂടാതെ റിച്ച് മാക്സ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി സി എം, പ്രവീൺ ബാബു റീജിയണൽ ഹെഡ് സജീഷ് ഗോപാലൻ, ഡയറക്റ്റ് ചാനൽ വൈസ് പ്രസിഡണ്ട് ജോഫ്രിൻ സേവ്യർ, വൈസ് പ്രസിഡന്‍റ് സ്ട്രാറ്റജി പ്രമോദ് പി വി, ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.