

റബർ ഷീറ്റ് - പ്രതീക്തമക ചിത്രം.
AI generated summary, newsroom reviewed
കൊച്ചി: താത്കാലികമായി തീരുവയില്ലാതെ റബർ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ടയർ നിർമാതാക്കളുടെ സംഘടനയായ "ആത്മ" (ഓട്ടൊമോട്ടിവ് ടയർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉത്പാദന സീസണിലും ആഭ്യന്തര വിപണിയിൽ ക്ഷാമം രൂക്ഷമാകുകയും സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ വർഷം നവംബറിലെ ശരാശരി വിലയായ 186 രൂപയിൽനിന്ന് നിലവിൽ 62 ശതമാനത്തോളമാണ് വില വർധന. വിപണിയിൽ റബർ ലഭ്യത കുറഞ്ഞതും സംഭരണച്ചെലവ് ക്രമാതീതമായി ഉയർന്നതും ടയർ നിർമാണത്തെ പ്രതികൂലമായി ബാധിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് എഴുതിയ കത്തിൽ സംഘടന അവകാശപ്പെടുന്നു.
ആഭ്യന്തര ഉത്പാദനവും ആവശ്യകതയും തമ്മിലുള്ള വിടവ് നികത്താൻ താരിഫ് റേറ്റ് ക്വാട്ട (ടിആർക്യു) വ്യവസ്ഥയിൽ ആവശ്യമായ അളവിൽ മാത്രം താത്കാലികമായി തീരുവയില്ലാത്ത ഇറക്കുമതിക്ക് അനുമതി നൽകണമെന്നാണ് ആത്മയുടെ ആവശ്യം. വിപണിയിലെ റബർ ലഭ്യതയും വില നിലവാരവും സാധാരണ നിലയിലാകുന്നതുവരെ ഈ ഇളവ് തുടരണമെന്ന് സംഘടന വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്തെ റബർ ഉത്പാദനം ആവശ്യകതയെക്കാൾ ഏറെ താഴെയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 14.27 ലക്ഷം ടൺ റബർ ആവശ്യമായിരുന്ന സ്ഥാനത്ത് 9.05 ലക്ഷം ടൺ മാത്രമായിരുന്നു രാജ്യത്തെ ഉത്പാദനം. അതായത് ആവശ്യകതയിൽ 37 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയതെന്നും ആത്മ ചൂണ്ടിക്കാട്ടുന്നു.
റബർ ടാപ്പിങ്ങിന്റെ പ്രധാന സീസണിൽ പോലും ടയർ വ്യവസായത്തിന് ആവശ്യമായത്ര റബർ വിപണിയിൽ എത്തുന്നില്ലെന്ന് ആത്മ ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു. ഉത്പാദനക്ഷാമം പരിഹരിക്കുന്നതിനായി താത്കാലികമായി പ്രഖ്യാപിക്കുന്ന നികുതിരഹിത ഇറക്കുമതി വ്യവസ്ഥ പ്രാദേശിക റബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു തന്നെ ടയർ നിർമാണം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്തറ്റിക് റബർ, കാർബൺ ബ്ലാക്ക് തുടങ്ങിയ പെട്രോളിയം അധിഷ്ഠിത ചേരുവകളുടെ വില വർധന മൂലം ടയർ നിർമാണ മേഖല ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനുപുറമേ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത എണ്ണവില ഉയരുകയും ചരക്കുകൂലി വർധിക്കുകയും ചെയ്തത് വ്യവസായത്തിന് അധിക ഭാരമായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യൻ ടയർ വ്യവസായ രംഗം 27,000 കോടിയിലധികം രൂപയുടെ കയറ്റുമതി നടത്തുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മാത്രം കയറ്റുമതിയിൽ 16% വളർച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത നിലനിർത്താനും ഉത്പാദനം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും റബർ ലഭ്യമാക്കൽ അത്യന്താപേക്ഷിതമാണെന്ന് ആത്മ വ്യക്തമാക്കി.