''ഇപ്പ ശര്യാക്കിത്തരാം'', ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് മാർക്കോ റൂബിയോ

കരാർ ഒപ്പിടുന്നതിന് തൊട്ടുമുൻപുള്ള ഘട്ടത്തിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി; ചർച്ചയിൽ ഇനി ശേഷിക്കുന്നത് ചുരുക്കം കാര്യങ്ങൾ മാത്രമെന്നും വിശദീകരണം
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് മാർക്കോ റൂബിയോ

മാർക്കോ റൂബിയോ

Updated on: 

മുംബൈ: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിന് "വളരെ, വളരെ അടുത്താണ്" ഇരുരാജ്യങ്ങളുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. രണ്ടാം ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിലുള്ള അദ്ദേഹം ചൊവ്വാഴ്ചയാണ് കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ പങ്കുവച്ചത്.

മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഊർജസുരക്ഷ, പ്രതിരോധ സഹകരണം, തന്ത്രപരമായ പങ്കാളിത്തം എന്നിവ വിഷയമായി.

"വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റല്ല. പക്ഷേ, നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്കും നല്ല പങ്കാളിത്തമുണ്ട്. ഒപ്പിടാത്തിടത്തോളം എത്ര അടുത്തെത്താമോ അത്രയും അടുത്താണ് ഞങ്ങൾ. ഇനി ചുരുക്കം ചില കാര്യങ്ങൾ മാത്രമേ ബാക്കിയുള്ളൂ; അതുകൊണ്ട് ഉടൻ അത് സംഭവിക്കുമെന്നാണ് എന്‍റെ വിശ്വാസം," റൂബിയോ പറഞ്ഞു.

ഉടൻ ഒരു നല്ല വാർത്ത പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും, കരാർ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ഏറെ ശുഭാപ്തിവിശ്വാസമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നതൻ കൂട്ടിച്ചേർത്തു.

റഷ്യക്കെതിരായ ചില ഉപരോധങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കെ യുഎസ് ഇളവ് അനുവദിച്ച് ദിവസങ്ങൾക്കകമാണ് റൂബിയോയുടെ പ്രതികരണം. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയെ വിമർശിച്ച അമെരിക്ക, അതിനെ കാരണമായി ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാൽ വ്യാപാര ചർച്ചകൾ പുരോഗമിച്ചതോടെ തീരുവ പിന്നീട് 18 ശതമാനമായി കുറച്ചു.

logo
Metro Vaartha
www.metrovaartha.com