രൂപയുടെ മൂല്യം 83.42

ചൈനീസ് യുവാന്‍റെ മൂല്യത്തകര്‍ച്ചയും കയറ്റുമതിക്കാര്‍ വര്‍ഷാവസാനത്തോടെ ഡോളര്‍ വാങ്ങി കൂട്ടിയതുമാണ് ഇന്ത്യന്‍ രൂപയില്‍ വില്‍പ്പന സമ്മർദം ശക്തമാക്കിയത്.
Representative image
Representative image
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചു. ഇതോടൊപ്പം വ്യാഴാഴ്ച റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണത്തിന് കനത്ത വിൽപ്പന സമ്മർദം നേരിട്ടു. നിക്ഷേപ വിശ്വാസം കൂടിയതോടെ യുഎസ് ബോണ്ടുകളുടെ മൂല്യം ഉയര്‍ന്നതാണ് കമ്പോള ഉത്പന്നങ്ങളുടെ വിലയില്‍ ഇടിവുണ്ടാക്കിയത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.

ചൈനീസ് യുവാന്‍റെ മൂല്യത്തകര്‍ച്ചയും കയറ്റുമതിക്കാര്‍ വര്‍ഷാവസാനത്തോടെ ഡോളര്‍ വാങ്ങി കൂട്ടിയതുമാണ് ഇന്ത്യന്‍ രൂപയില്‍ വില്‍പ്പന സമ്മർദം ശക്തമാക്കിയത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.42ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രൂപയുടെ മൂല്യം 83.14 ആയിരുന്നു.

അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ തുടര്‍ച്ചയായി കരുത്താര്‍ജിക്കുകയാണ്. രൂപയ്ക്ക് പിന്തുണയായി റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ഏഷ്യയിലെ മറ്റ് നാണയങ്ങളും ഇന്നലെ ഡോളറിനെതിരെ വലിയ തകര്‍ച്ച നേരിട്ടു.

ഡോളറിലേക്ക് നിക്ഷേപകര്‍ വലിയ തോതില്‍ പണം മാറ്റിയതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2,168 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയിലെത്തി. ഗ്രാമിന്‍റെ വില 45 രൂപ ഇടിഞ്ഞ് 6,135 രൂപയായി. മള്‍ട്ടികമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണം പത്ത് ഗ്രാമിന്‍റെ വില 875

രൂപ ഇടിഞ്ഞ് 66,575ല്‍ അവസാനിച്ചു. അതേസമയം അടുത്തവാരം വീണ്ടും സ്വര്‍ണ വില മുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികള്‍ ഇന്നലെ നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ പൂര്‍വാധികം ശക്തിയോടെ ഓഹരികളിലേക്ക് പണമൊഴുക്കിയതാണ് നേട്ടമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com