

ഓഹരി വിപണികളിൽ കുതിപ്പ്
AI generated summary, newsroom reviewed
മുംബൈ: തിങ്കളാഴ്ചത്തെ ഇടിവിൽനിന്നു ശക്തമായി തിരിച്ചുകയറിയ ഇന്ത്യൻ ഓഹരി സൂചികകൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചതു വൻ നേട്ടത്തോടെ. വിദേശ ഫണ്ടുകളുടെ കനത്ത നിക്ഷേപം, ക്രൂഡ് ഓയിൽ വിലക്കുറവ്, മുൻനിര ബാങ്ക് ഓഹരികളിലെ വാങ്ങൽ എന്നിവയാണ് ഏഷ്യൻ വിപണികളിലെ ദുർബലപ്രവണതയെ മറികടക്കാൻ സൂചികകളെ സഹായിച്ചത്.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 1,502.29 പോയിന്റ് (1.82 ശതമാനം) ഉയർന്ന് 83,938.28ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 2,062.22 പോയിന്റ് ഉയർന്ന് 84,498.21 വരെ എത്തിയിരുന്നു. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 469.60 പോയിന്റ് (1.85 ശതമാനം) നേട്ടത്തോടെ 25,819.25ൽ അവസാനിച്ചു. ഇടയ്ക്ക് 602 പോയിന്റ് ഉയർന്ന് 25,951.65 വരെയെത്തി.
സെൻസെക്സിൽ ഹിന്ദുസ്ഥാൻ യൂണിലീവർ 5.94 ശതമാനം നേട്ടമുണ്ടാക്കി. ട്രെന്റ് (3.59), ഐസിഐസിഐ ബാങ്ക് (3.44), ഇന്റർഗ്ലോബ് ഏവിയേഷൻ (3.24), എച്ച്ഡിഎഫ്സി ബാങ്ക് (3.18), ബജാജ് ഫിനാൻസ് (3.04) എന്നിവയാണു തൊട്ടുപിന്നിൽ. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റൻ എന്നിവ നഷ്ടത്തിലായി. മേഖലാസൂചികകളിൽ എഫ്എംസിജി 3.14 ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾക്യാപ് സെലക്ട് 0.43 ശതമാനവും മിഡ്ക്യാപ് സെലക്ട് 0.11 ശതമാനവും താഴ്ന്നു.
നിക്ഷേപകരുടെ ആസ്തി 3.49 ലക്ഷം കോടി രൂപ വർധിച്ച് 5,12,48,042.08 കോടി രൂപയിൽ (5.54 ട്രില്യൺ ഡോളർ) എത്തി. രൂപ 69 പൈസ നേട്ടത്തോടെ ഡോളറിന് 92.16 (താൽക്കാലികം) എന്ന നിലയിലായി; ഈ വർഷത്തെ ഏറ്റവും ഉയർന്ന മൂല്യമാണിത്. ബ്രെന്റ് ക്രൂഡ് 0.19 ശതമാനം കുറഞ്ഞ് ബാരലിന് 91.38 ഡോളറായി. വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച 5,672.99 കോടി രൂപയുടെ ഓഹരി വാങ്ങിയെന്ന് എക്സ്ചേഞ്ച് കണക്കുകൾ വ്യക്തമാക്കുന്നു. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ചു ചൊവ്വാഴ്ച വിപണിക്ക് അവധിയായിരുന്നു.
ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി 6.16 ശതമാനവും ജപ്പാന്റെ നിക്കി 2.78 ശതമാനവും ഷാങ്ഹായ് കോംപോസിറ്റ് 2.03 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് 1.14 ശതമാനവും ഇടിഞ്ഞു.