
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള വ്യാപാര യുദ്ധവും ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ ഭീഷണിയും ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ച സൃഷ്ടിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന സൂചികകള്‍ മൂക്കുകുത്തി. ഇന്ത്യയിലെ മുഖ്യ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 1.3% ഇടിഞ്ഞു. സെന്‍സെക്സ് 1018.20 പോയിന്‍റ് നഷ്ടവുമായി 76,293.60ല്‍ അവസാനിച്ചു. നിഫ്റ്റി 309.80 പോയിന്‍റ് ഇടിഞ്ഞ് 23,071.80ലെത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയും ഇടിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മുഖ്യ ഓഹരി സൂചികകള്‍ നഷ്ടം നേരിടുന്നത്.
നിക്ഷേപകരുടെ ആസ്തിയില്‍ ഇന്നലെ മാത്രം ഒന്‍പത് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. സ്റ്റീലിനും അലുമുനിയത്തിനും രാജ്യങ്ങള്‍ ഭേദമില്ലാതെ യാതൊരു ഇളവുകളും ഒഴിവുകളുമില്ലാതെ 25% തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിക്ഷേപകരെ ആശങ്കയിലാക്കി. ഇതോടൊപ്പം വിദേശ നിക്ഷേപ ഫണ്ടുകള്‍ വലിയ തോതില്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിച്ചതും തകര്‍ച്ചയുടെ തീവ്രത വർധിപ്പിച്ചു. ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും പ്രതീക്ഷിച്ച വളര്‍ച്ച നേടാത്തതിനാല്‍ നിക്ഷേപകര്‍ നിരാശയിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. വാഹന, ബാങ്കിങ്, ഐടി മേഖലകളിലെ ഓഹരികളെല്ലാം കനത്ത ഇടിവ് നേരിട്ടു. കേരളത്തിലെ പ്രമുഖ കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, എഫ്എസിടി എന്നിവയുടെ ഓഹരി വിലകളും അടിതെറ്റി.