ബാധ്യതകള്‍ വിറ്റുമാറാന്‍ മത്സരിച്ച് വിദേശ ഓപ്പറേറ്റർമാർ; ഓഹരി സൂചിക സമ്മർദത്തിൽ

പലിശ നിരക്കില്‍ അവര്‍ എന്ത് സമീപനം സ്വീകരിക്കുമെന്ന ഉറ്റുനോക്കുകയാണ് ഇതര രാജ്യങ്ങള്‍.
stock market review

ബാധ്യതകള്‍ വിറ്റുമാറാന്‍ മത്സരിച്ച് വിദേശ ഓപ്പറേറ്റർമാർ; ഓഹരി സൂചിക സമ്മർദത്തിൽ

Updated on

വിദേശ ഓപ്പറേറ്റര്‍മാര്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ വീണ്ടും മത്സരിച്ച് ഇന്ത്യന്‍ ഓഹരി സൂചികയെ സമ്മര്‍ദത്തിലാക്കി. തൊട്ടുമുന്‍വാരത്തില്‍ മികവ് കാണിച്ച ഇന്‍ഡക്സുകള്‍ക്ക് കാലിടറുന്നത് കണ്ട് പ്രദേശിക ഇടപാടുകാരും പുതിയ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിഞ്ഞു. ബോംബെ സൂചിക 511 പോയിന്‍റും നിഫ്റ്റി സൂചിക 147 പോയിന്‍റും പ്രതിവാര നഷ്ടം നേരിട്ടു. ഹോളി പ്രമാണിച്ച് പിന്നിട്ടവാരം വിപണി നാല് ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. അമെരിക്കന്‍ കേന്ദ്രബാങ്കും ജപ്പാന്‍, ബ്രിട്ടീഷ് കേന്ദ്രബാങ്കുകളും ഈ വാരം വ്യത്യസ്ഥ യോഗം ചേരുന്നുണ്ട്. പലിശ നിരക്കില്‍ അവര്‍ എന്ത് സമീപനം സ്വീകരിക്കുമെന്ന ഉറ്റുനോക്കുകയാണ് ഇതര രാജ്യങ്ങള്‍.

അമെരിക്കയുടെ വ്യാപാര യുദ്ധം ഏഷ്യന്‍ സമ്പദ്ഘടനയില്‍ വിള്ളലുവാക്കാനുള്ള സാധ്യതകള്‍ ആശങ്ക ഉളവാക്കുന്നതിനാല്‍ കേന്ദ്രബാങ്ക് യോഗത്തെ സാമ്പത്തിക മേഖല ഏറെ പ്രാധാന്യത്തോടെയാകും വീക്ഷിക്കുക. ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ ജാപ്പനീസ് യെന്‍ കരുത്ത് തിരിച്ചുപിടിക്കുകയാണെങ്കിലും വേണ്ടി വന്നാല്‍ പലിശയില്‍ ഭേദഗതിക്ക് മടിയില്ലെന്ന് കഴിഞ്ഞവാരത്തില്‍ തന്നെ ബാങ്ക് വക്താക്കള്‍ സൂചന നല്‍കിയിരുന്നു.

സെന്‍സെക്സ് 74,332 പോയിന്‍റില്‍ നിന്നും 74,707ലേക്ക് ഉയര്‍ന്ന ഘട്ടത്തില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദത്തില്‍ സൂചിക 73,624 പോയിന്‍റിലേക്ക് ഇടിഞ്ഞശേഷം മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 73,828 പോയിന്‍റിലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ വീക്ഷിച്ചാല്‍ 73,399-72,970ല്‍ സപ്പോര്‍ട്ടുണ്ട്. അനുകൂല വാര്‍ത്തകള്‍ക്ക് വിപണിയെ 74,482-75,136 പോയിന്‍റിലേക്ക് ഉയര്‍ത്താനാകും.

നിഫ്റ്റി സൂചിക 22,668 വരെ കയറിയ ശേഷം 22,336ലേക്ക് ഇടിഞ്ഞെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ അല്‍പ്പം മികവ് കാണിച്ച് സൂചിക 22,397 പോയിന്‍റിലാണ്. ഈ വാരം 22,266ലെ ആദ്യതാങ്ങ് നിലനിര്‍ത്തിയാല്‍ 22,598ലേക്ക് തിരിച്ചുവരവ് നടത്താം. എന്നാല്‍ 22,643ലെ പ്രതിരോധം തകര്‍ക്കാന്‍ വിപണി അല്‍പ്പം വിയര്‍പ്പ് ഒഴുക്കേണ്ടതായി വരാം. ഇത് മറികടന്നാല്‍ സൂചിക 22,799 വരെ ഉയരാനുള്ള കരുത്ത് കണ്ടെത്താം. എന്നാല്‍ ആദ്യതാങ്ങ് നഷ്ടപ്പെട്ടാല്‍ സൂചിക 22,135ലേക്ക് തളരാം.

നിഫ്റ്റി മാര്‍ച്ച് ഫ്യൂച്ചര്‍ 22,444ലാണ്, പിന്നിട്ട വാരത്തിലെ തളര്‍ച്ചയ്ക്ക് ഇടയില്‍ നിഫ്റ്റി ഫ്യൂച്ചറിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് ഒരു ശതമാനം മികവ് രേഖപ്പെടുത്തി 203 ലക്ഷം കരാറുകളായി ഉയര്‍ന്നു. വില്‍പ്പനക്കാര്‍ക്ക് മൂന്‍തൂക്കം നൽകുന്ന അവസ്ഥ നിലനിന്നതിനാല്‍ 22,750ലെ പ്രതിരോധം കഴിഞ്ഞവാരം മറികടക്കാനായില്ല. നിലവില്‍ 20 ദിവസത്തെ ശരാശരിക്ക് താഴെ നിലകൊള്ളുന്നതും ബുള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സ്വാധീനം നഷ്ടമായ സ്ഥിതിയാണ്.

ഇന്‍ഡസ് ബാങ്ക് ഓഹരി വില 30% ഇടിഞ്ഞ് 672 രൂപയായി. ഇന്‍ഫോസിസ് ഓഹരി വില 7% കുറഞ്ഞു. ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്‌യുഎല്‍, എം ആൻഡ് എം, മാരുതി, എല്‍ ആൻഡ് ടി ഓഹരി വിലകള്‍ ഇടിഞ്ഞു. അതേസമയം നിക്ഷേപകരില്‍ നിന്നുള്ള താത്പര്യത്തില്‍ ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി ഓഹരി വിലകള്‍ ഉയര്‍ന്നു.

ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ അഞ്ച് എണ്ണത്തിന്‍റെ വിപണി മൂലധനം പിന്നിട്ടവാരം 93,357.52 കോടി രൂപ കുറഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ബജാജ് ഫിനാന്‍സ്, എയര്‍ടെല്‍ തുടങ്ങിയവയുടെ വിപണി മൂലധനത്തില്‍ 49,833.62 കോടി രൂപയുടെ വർധനയുണ്ടായി.

ആഗോള വ്യാപാരയുദ്ധം മുന്‍നിര്‍ത്തി മാസത്തിന്‍റെ ആദ്യപകുതിയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 30,000 കോടി രൂപ പിന്‍വലിച്ചു. പോയവാരം വിദേശ ഇടപാടുകാര്‍ 5727 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ പിന്നിട്ടവാരം എല്ലാ ദിവസവും നിക്ഷേപകരായി. അവര്‍ 5497 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിനിമയ വിപണിയില്‍ യുഎസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 86.88ല്‍ നിന്നും ഒരവസരത്തില്‍ 87.37ലേക്ക് ദുര്‍ബലമായ ശേഷമുള്ള തിരിച്ചുവരവില്‍ രൂപ ശക്തി പ്രാപിച്ച് 86.84ലേക്ക് കരുത്ത് കാണിച്ചെങ്കിലും മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 86.92ലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3000 ഡോളറിലേക്ക് ഉയര്‍ന്നു. വർധിച്ച നിക്ഷേപ താത്പര്യത്തില്‍ സ്വര്‍ണം 2890 ഡോളറില്‍ നിന്നും 3004 ഡോളര്‍ വരെ ഉയര്‍ന്നശേഷം ക്ലോസിങ്ങില്‍ 2984 ഡോളറിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com