വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു

യുഎസ് ബോണ്ടുകളുടെ മൂല്യം ഗണ്യമായി കൂടിയതോടെ ഓഹരി വിപണിയിൽ നിന്നും നിക്ഷേപകർ പണം പിൻവലിച്ച് ബോണ്ടുകളിൽ മുടക്കുകയാണ്.
വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു

കൊച്ചി: ആഗോള മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ നിക്ഷേപകർ കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 20,000 കോടി രൂപയിലധികം പിൻവലിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ രാജ്യാന്തര വിപണിയിൽ വൻകിട നിക്ഷേപകർ ഓഹരികളിൽ നിന്നും പണം വലിയ തോതിൽ പിൻവലിച്ച് സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ എന്നിവയിൽ സജീവമാകുകയാണ്. വാരത്തിന്‍റെ തുടക്കത്തിൽ ഇസ്രേലിനെതിരേ ഇറാൻ റോക്കറ്റ് ആക്രമണം നടത്തിയതാണ് പൊടുന്നനെ നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചത്. ഇതോടൊപ്പം അമെരിക്കയിൽ മുഖ്യ പലിശ നിരക്കുകൾ ഉടനടി കുറയില്ലെന്ന വാർത്തകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന്‍റെ വേഗത കൂട്ടി. യുഎസ് ബോണ്ടുകളുടെ മൂല്യം ഗണ്യമായി കൂടിയതോടെ ഓഹരി വിപണിയിൽ നിന്നും നിക്ഷേപകർ പണം പിൻവലിച്ച് ബോണ്ടുകളിൽ മുടക്കുകയാണ്.

കഴിഞ്ഞ വാരം ആദ്യ നാല് വ്യാപാര ദിനങ്ങളിലും ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എന്നാൽ ഇസ്രേലിനെതിരേ തിരക്കിട്ട് നടപടികൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ വെള്ളിയാഴ്ച ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും ശക്തമായി തിരിച്ചുകയറി.

ഇപ്പോഴത്തെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ത്യയിൽ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാധ്യത. ജനുവരി മാസത്തിനു ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അമെരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി സജീവമായി നിൽക്കുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിവയ്ക്കുമെന്ന ആശങ്കയിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നും വൻകിട ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും പണം പിൻവലിച്ച് ഡോളറിൽ നിക്ഷേപം നടത്തുകയാണ്. ഇതോടെ കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ചയാണ് നേരിട്ടത്.

അതേസമയം സിസ്റ്റമിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (എസ്ഐപി) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ആഭ്യന്തര നിക്ഷേപകർ പ്രതിമാസം 19,000 കോടി രൂപയിലധികം വിപണിയിലെത്തിക്കുന്നതിനാൽ വിദേശ ധന സ്ഥാപനങ്ങളുടെ പിന്മാറ്റം ഇന്ത്യൻ ഓഹരികളിൽ കാര്യമായ വിൽപ്പന സമ്മർദം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തുന്നത്. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയിലധികമാണ് എസ്ഐപികൾ വഴി ഓഹരി വിപണിയിലെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com