വിപണി പിടിച്ച് ബുൾ

സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനം മികവിലേക്ക് തിരിഞ്ഞത് പ്രാദേശിക വാങ്ങലുകാരെ ആകര്‍ഷിച്ചു.
Representative image
Representative image
Updated on

നിഫ്റ്റി ഫ്യൂച്ചറില്‍ കരടികള്‍ക്ക് മേല്‍ ആധിപത്യം തിരിച്ചുപിടിച്ച് കാളക്കൂറ്റന്മാർ വീണ്ടും വിപണി നിയന്ത്രണം കൈപിടിയിലാക്കി. തെരഞ്ഞടുപ്പ് രംഗത്ത് നിന്നും അനുകൂലവും പ്രതികൂലവുമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇന്ത്യ വോളാറ്റിലിറ്റി സൂചിക ഉയര്‍ന്നത് ഓഹരി വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. അതേസമയം വാരാവസാനം അമെരിക്കന്‍ ഓഹരി കമ്പോളത്തിലെ റെക്കോഡ് പ്രകടനങ്ങളുടെ ആവേശം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അനുകൂല തരംഗമുളവാക്കുമെന്ന നിഗമനത്തിലാണ് ആഭ്യന്തര ഫണ്ടുകള്‍.

സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനം മികവിലേക്ക് തിരിഞ്ഞത് പ്രാദേശിക വാങ്ങലുകാരെ ആകര്‍ഷിച്ചു. മാസാരംഭം മുതല്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്കാരായി രംഗത്തുണ്ടെങ്കിലും അവരുടെ നീക്കങ്ങള്‍ മറികടക്കാന്‍ കനത്ത നിക്ഷേപത്തിന് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മത്സരിക്കുകയാണ്. നിഫ്റ്റി സൂചിക 446 പോയിന്‍റും ബോംബെ സൂചിക 1341 പോയിന്‍റും പിന്നിട്ടവാരം ഉയര്‍ന്നു. ഇന്ത്യ വോളാറ്റിലിറ്റി സൂചിക 11 ശതമാനം ഉയര്‍ന്നത് വിപണിയിലെ ചാഞ്ചാട്ടം ശക്തമാക്കി.

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞവാരം 14,563 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഈ മാസത്തെ അവരുടെ മൊത്തം നിക്ഷേപം ഇതോടെ 33,820 കോടി രൂപയായി ഉയര്‍ന്നു. ഏപ്രിലില്‍ അവര്‍ 44,186 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 11,347ല്‍ എത്തിയതിനൊപ്പം എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടവും സ്വന്തമാക്കി. നിഫ്റ്റി സ്മോള്‍ ക്യാപ്, റിയാലിറ്റി, മെറ്റല്‍ മികവിലാണ്. നിഫ്റ്റി എഫ്എംസിജിക്കും തളര്‍ച്ച നേരിട്ടു.

മുന്‍നിര ഓട്ടൊ ഓഹരിയായ എം ആൻഡ് എം 14 ശതമാനം മികവില്‍ 2504 രൂപയായി. എല്‍ ആൻഡ് ടി, ടാറ്റ സ്റ്റീല്‍, ആര്‍ഐഎല്‍, സണ്‍ ഫാര്‍മ, ഐടിസി, എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ മുന്‍നിര ഓഹരികള്‍ മികവ് കാണിച്ചു.

ബോംബെ സൂചിക 72,664 പോയിന്‍റില്‍ നിന്നും 71,897ലേക്ക് തുടക്കത്തില്‍ താഴ്ന്ന ശേഷമുള്ള തിരിച്ചുവരവില്‍ വിപണി 74,072 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 74,005 പോയിന്‍റിലാണ്. ഈ വാരം 74,752ലെ പ്രതിരോധം മറികടക്കാനായാല്‍ 75,499നെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമം നടത്താം. സൂചികയുടെ താങ്ങ് 72,577 പോയിന്‍റിലാണ്.

നിഫ്റ്റി പോയവാരത്തിലെ 22,055ല്‍ നിന്നും തുടക്കത്തിലെ വില്‍പ്പന സമ്മര്‍ദത്തില്‍ 21,831ലേക്ക് തളര്‍ന്ന അവസരത്തില്‍ ബുള്‍ ഓപ്പറേറ്റര്‍മാര്‍ മുന്‍ ഓഹരികളില്‍ നിക്ഷേപത്തിന് മത്സരിച്ചത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. വാരാന്ത്യം നിഫ്റ്റി 22,502 പോയിന്‍റിലേക്ക് ഉയര്‍ന്നത് കണക്കിലെടുത്താല്‍ ഈ വാരം 22,716-22,949ലേക്ക് ഉയരാം. വിപണിയുടെ താങ്ങ് 22,054ലാണ്.

നിഫ്റ്റി മേയ് ഫ്യൂച്ചറില്‍ ഓപ്പറേറ്റര്‍മാര്‍ ലോങ് പൊസിഷനുകള്‍ ഉയര്‍ത്താന്‍ കാണിച്ച ഉത്സാഹം സൂചികയെ 22,130ല്‍ നിന്നും 22,540ലേക്ക് ഉയര്‍ത്തി. ഇതിനിടയില്‍ വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് മുന്‍വാരത്തില്‍ 149 ലക്ഷം കരാറുകളില്‍ നിന്നും 153.7ലേക്ക് ഉയര്‍ന്നത് മുന്നേറ്റ സാധ്യതകള്‍ക്ക് ശക്തി പകരുന്നു.

വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപ 83.50ല്‍ നിന്നും 83.28ലേക്ക് ശക്തി പ്രാപിച്ചു, വാരാന്ത്യ ക്ലോസിങ്ങില്‍ രൂപ 83.33ലാണ്. ഈ വാരം രൂപ 83.10- 83.45 റേഞ്ചില്‍ നീങ്ങാം.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 12,174 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, വെള്ളിയാഴ്ച്ച അവര്‍ 1617 കോടിയുടെ നിക്ഷേപവും നടത്തി. ഈ മാസത്തെ അവരുടെ മൊത്തം വില്‍പ്പന 37,149 കോടി രൂപയാണ്.

രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2360 ഡോളറില്‍ നിന്നും 2422 ഡോളര്‍ വരെ കയറിയ ശേഷം ക്ലോസിങ്ങില്‍ 2415 ഡോളറിലാണ്.

ക്രൂഡ് ഓയില്‍ വിലയിൽ മുന്നിലുള്ള മൂന്ന് മാസക്കാലയളവില്‍ ഒരു കുതിപ്പിന് സാധ്യതയുണ്ട്. വിപണിയുടെ സാങ്കേതികവശങ്ങള്‍ നൽകുന്ന സൂചന കണക്കിലെടുത്താല്‍ എണ്ണ വില 81 ഡോളറില്‍ നിന്നും 86.62ലേക്കും തുടര്‍ന്ന് 94 ഡോളറിലേക്കും കയറാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com