സമ്മർദത്തിലേറി ഓഹരി വിപണി‌കൾ

അമെരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെയും മാർച്ച് പാദത്തിലെയും ജിഡിപി കണക്കും ഇന്ന് അറിയാമെന്നതും വിപണിയെ ടെന്‍ഷനടിപ്പിക്കുന്നു.
സമ്മർദത്തിലേറി ഓഹരി വിപണി‌കൾ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമെന്താകുമെന്ന ആശങ്ക വിപണിയെ പിടിച്ചുലയ്ക്കുകയാണ്. നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് വീഴുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറുന്നതാണ് പ്രതിസന്ധി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ചുവപ്പില്‍ അവസാനിക്കുന്നത്. അമെരിക്കയില്‍ വീണ്ടും പലിശഭാരം കൂടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയുടെ വീഴ്ചയ്ക്ക് ആക്കംകൂട്ടി. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളി തന്നെയാണെന്നും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്നുമുള്ള അഭിപ്രായങ്ങള്‍ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി. അമെരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെയും മാർച്ച് പാദത്തിലെയും ജിഡിപി കണക്കും ഇന്ന് അറിയാമെന്നതും വിപണിയെ ടെന്‍ഷനടിപ്പിക്കുന്നു. അമെരിക്കന്‍ ഓഹരി വിപണികള്‍ അര ശതമാനം മുതല്‍ 1.06 ശതമാനം വരെയും ഏഷ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലധികവും ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരികളിലും വന്‍ സ്വാധീനം ചെലുത്തി.

സെന്‍സെക്സ് 617.30 പോയിന്‍റ് (0.83%) താഴ്ന്ന് 73,885.60ലും നിഫ്റ്റി 216.05 പോയിന്‍റിടിഞ്ഞ് (0.95%) 22,488.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി50ല്‍ 10 ഓഹരികൾ നേട്ടത്തിലേറിയപ്പോൾ 40 എണ്ണം നഷ്ടത്തിലേക്ക് വീണു. ഐസിഐസിഐ ബാങ്കാണ് 1.45 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ മുന്നില്‍. ടാറ്റാ സ്റ്റീല്‍ 5.19 ശതമാനം ഇടിഞ്ഞ് നഷ്ടത്തിലും മുന്നിലെത്തി. ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, വിപ്രോ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

ബിഎസ്ഇ സ്മോള്‍ക്യാപ് 1.33 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.21 ശതമാനവും ഇടിഞ്ഞു. സെക്റ്ററല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്കും മീഡിയയും ഒഴികെയുള്ള എല്ലാ സൂചികകളും ഇടിഞ്ഞു. നിഫ്റ്റി മെറ്റല്‍ സൂചിക 3 ശതമാനത്തിലധികം നഷ്ടം നല്‍കി. നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഹെല്‍ത്ത്കെയര്‍, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എംസിജി, ഓട്ടോ സൂചികകള്‍ 1 ശതമാനത്തിലധികം ഇടിഞ്ഞു.

ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 4.73 ലക്ഷം കോടി രൂപ താഴ്ന്ന് 410.36 ലക്ഷം കോടി രൂപയായി. 415.09 ലക്ഷം കോടി രൂപയില്‍ നിന്നാണ് വീഴ്ച. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നിക്ഷേപകരുടെ കീശയില്‍ നിന്ന് ചേര്‍ന്നത് 9.86 ലക്ഷം കോടി രൂപയാണ്.

Trending

No stories found.

Latest News

No stories found.