ബിസിനസ് ലേഖകൻ
കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും അമെരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഓഹരി വിപണിയില്‍ കനത്ത സമ്മർദം സൃഷ്ടിക്കുന്നു. നാല് വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് ഒക്റ്റോബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായത്. ഐടി, എഫ്എംസിജി കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവാണ് വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഒക്റ്റോബറില്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 553.12 പോയിന്‍റ് ഇടിഞ്ഞ് 79,389.06ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 135.50 പോയിന്‍റ് നഷ്ടത്തോടെ 24,205.35ലെത്തി. ബാങ്കിങ് ഓഹരികളാണ് ഒരു പരിധി വരെ ഇന്നലെ പിടിച്ചുനിന്നത്. ടെക് മഹീന്ദ്ര, എച്ച്സിഎല്‍, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കനത്ത വിൽപ്പന സമ്മർദം നേരിട്ടു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണി കൂടുതല്‍ താഴേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുന്നുവെങ്കിലും വിലത്തകര്‍ച്ച നേരിടാനാകുന്നില്ല. ചൈനയിലെ സാമ്പത്തിക മേഖല ഉത്തേജക പാക്കെജുകളുടെ കരുത്തില്‍ മെച്ചപ്പെടുന്നതിനാല്‍ നിക്ഷേപകര്‍ പണം അവിടേക്ക് മാറ്റുന്നതും അമെരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകളും നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഡോളറിനെതിരേ രൂപയുടെ മൂല്യയിടിവ് ശക്തമാക്കുന്നതിനാല്‍ നാണയപ്പെരുപ്പം വീണ്ടും കൂട്ടുമെന്ന ആശങ്ക ശക്തമാണ്.
ഇതിനിടെ അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെയും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി വിപണിയില്‍ ഇടപെട്ടെങ്കിലും രൂപയുടെ മൂല്യം ഇന്നലെ 84.07 വരെ താഴ്ന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയ്ക്ക് സമ്മർദം സൃഷ്ടിക്കുന്നത്.
കുതിച്ചുയർന്ന് പൊന്ന്
രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നലെ പുതിയ റെക്കോഡ് ഉയരത്തിലെത്തി. പവന്‍ വില 120 രൂപ വർധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന്‍റെ വില 15 രൂപ ഉയര്‍ന്ന് 7,455 രൂപയിലെത്തി. ആഗോള വില ഔണ്‍സിന് 2,800 ഡോളറിലേക്ക് അടുക്കുകയാണ്. ഈ വാരം വന്നെ വില പവന് 60,000 രൂപയിലെത്തിയേക്കും.