തകർച്ച മറികടന്ന് സൂചികകൾ

സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ നിക്ഷേപ പ്രീതി നേടുകയാണെങ്കിലും പൊതുമേഖല ബാങ്കുകളില്‍ കരുതലോടെയാണ് വ്യാപാരം നടക്കുന്നത്.
 തകർച്ച മറികടന്ന് സൂചികകൾ

ബിസിനസ് ലേഖകൻ

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസത്തെ കനത്ത തകര്‍ച്ച മറികടന്ന് ഇന്ത്യന്‍ ഓഹരികള്‍ മുന്നേറ്റപാതയിലേക്ക് മടങ്ങിയെത്തി. സെന്‍സെക്സ് 2,303.19 പോയിന്‍റ് ഉയര്‍ന്ന് 74,382.24ല്‍ അവസാനിച്ചു. നിഫ്റ്റി 735.85 പോയിന്‍റ് നേട്ടത്തോടെ 22,620.35ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ഭരണ പ്രതിസന്ധിയുണ്ടാവില്ലെന്ന വിലയിരുത്തലില്‍ നിക്ഷേപകര്‍ പൂര്‍വാധികം ശക്തിയോടെ വിപണിയിലേക്ക് തിരിച്ചെത്തി. പ്രീ പോള്‍ നിലവാരത്തിലേക്ക് ഓഹരി സൂചികകള്‍ മടങ്ങിയെത്തി. ബാങ്കിങ്, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വന്‍ തകര്‍ച്ച നേരിട്ട അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ അഞ്ച് ശതമാനം വില വർധന നേടി.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എം ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 3.2 ശതമാനവും നിഫ്റ്റി 3.36 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റിയില്‍ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി എന്നിവ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോള്‍ എന്‍ടിപിസി, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി, ഐടി, മീഡിയ, ഫാര്‍മ, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്‌യു ബാങ്ക്, മെറ്റല്‍, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്ക്, ഓട്ടൊ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ നഷ്ടത്തിലാണ്.

മുന്നണി ഭരണം സുഗമമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് തുടക്കത്തില്‍ ദൃശ്യമാകുന്നത്. അതിനാല്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ മൂന്നാം മോദി സര്‍ക്കാരിന് കഴിയുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തില്‍ അടിതെറ്റിയ ബാങ്ക് ഓഹരികള്‍ നഷ്ടം ഒരുപരിധി വരെ നികത്തി നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ബന്ധന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ നിക്ഷേപ പ്രീതി നേടുകയാണെങ്കിലും പൊതുമേഖല ബാങ്കുകളില്‍ കരുതലോടെയാണ് വ്യാപാരം നടക്കുന്നത്.

എന്നാല്‍ മുന്നണി സമ്മര്‍ദങ്ങളെത്തുടർന്ന് ബിജെപിയും മോദിയും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നാല്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പരിഷ്കരണ നടപടികളില്‍ മൂന്നാം മോദി സര്‍ക്കാര്‍ പിന്നാക്കം പോകില്ലെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹം.

ചൊവ്വാഴ്ച സെന്‍സെക്സ് 4,389.73 പോയിന്‍റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന ലെവലായ 72,079.05ല്‍ എത്തി. നിഫ്റ്റി 1,379.40 പോയിന്‍റ് അഥവാ 5.93 ശതമാനം ഇടിഞ്ഞ് 21,884.50 ലുമാണ് ക്ലോസ് ചെയ്തത്.

Trending

No stories found.

Latest News

No stories found.